ജൂലൈ 18 മുതൽ യുഎഇയുടെ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വാഗ്ദാനം ചെയ്യുന്ന എല്ലാ അറ്റസ്റ്റേഷൻ സേവനങ്ങളും ഓൺലൈനിൽ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. യുഎഇയിലെ എല്ലാ ഉപഭോക്താക്കൾക്കും ഈ നീക്കം ബാധകമാണെന്നും മന്ത്രാലയം. ജോലി, വിസ, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ,വിവാഹ,ജനന സർട്ടിഫിക്കറ്റുകളും ഇതര വ്യക്തിഗത രേഖകളും ലൈസൻസുകളും ഇൻവോയ്സുകൾ പോലുള്ള ഔദ്യോഗിക രേഖകളുമാണ് മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യുന്നത്.
അതേസമയം മുതിർന്ന എമിറേറ്റികൾക്കും പൗരന്മാർക്കും ഭിന്നശേഷി വിഭാഗത്തിനു 80044444 എന്ന നമ്പറില്‍ സേവനങ്ങൾ ലഭ്യമാകും. വ്യക്തികൾക്കും ബിസിനസുകൾക്കും സേവനങ്ങൾ ലഭ്യമാകുന്ന രീതി വിശദീകരിക്കുന്ന ഒരു ഗൈഡും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഓണ്‍ ലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങൾ സാക്ഷ്യപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ രേഖകളും ബന്ധപ്പെട്ട അധികാരികൾ സാക്ഷ്യപ്പെടുത്തി സ്റ്റാമ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
സേവനം ലഭ്യമാകുന്നതിന് യുഎഇ പാസ് ഉപയോഗിച്ച് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്ത ശേഷം വ്യക്തികൾക്കുള്ള സേവനങ്ങളൊ ബിസിനസ് സേവനങ്ങളൊ എന്നത് ആവശ്യാനുസരണം തിരഞ്ഞെടുക്കണം. ഒരേ ആപ്ലിക്കേഷനിൽ നിങ്ങൾക്ക് ഒന്നിലധികം രേഖകൾ സാക്ഷ്യപ്പെടുത്താൻ കഴിയും. വിവരങ്ങൾ പൂര്‍ണായി പൂരിപ്പിക്കുകയും കൊറിയര്‍ സേവനം ഉപയോഗപ്പെടുത്തുകയും വേണം. കൊറിയർ വിഭാഗം ഡോക്യുമെന്റുകൾ ശേഖരിക്കുകയും തിരികെ എത്തിക്കുകയും ചെയ്യും. ഓണ്‍ ലൈന്‍ വഴിയാണ് ഫീസ് അടയ്ക്കേണ്ടതും.