ഖത്തറിന്റെ മണ്ണിൽ അർജന്റീനയെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഇതിഹാസ താരം ലയണൽ മെസ്സിയുടെ ആറു ജഴ്സികൾ ലേലത്തിന്. ബാഴ്സലോണയിൽ അപൂർവരോഗം ബാധിച്ച കുട്ടികളെ ചികിത്സിക്കുന്ന ആശുപത്രിക്ക് ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടിയാണ് മെസ്സി ലേലത്തിനായി ഫൈനലിൽ ധരിച്ചതുൾപ്പെടെയുള്ള ഖത്തർ ലോകകപ്പിലെ തന്റെ ജഴ്സികൾ സംഭാവന ചെയ്തത്.
സൗദി അറേബ്യ, ആസ്ട്രേലിയ, മെക്സികോ, നെതർലാൻഡ്സ്, ക്രൊയേഷ്യ, ഫ്രാൻസ് ടീമുകൾക്കെതിരായ മത്സരങ്ങളിൽ മെസ്സി അണിഞ്ഞ ജഴ്സിയാണ് ലേലത്തിനു വെക്കുക. സോത്തേബി എന്ന ലേലകമ്പനിയാണ് ലേലം നടത്തിപ്പുകാർ. കമ്പനിയുടെ വെബ്സൈറ്റ് വഴി നവംബർ 30 മുതൽ ഡിസംബർ 14 വരെ ലേലത്തിൽ പങ്കെടുക്കാം. ‘ആറു ലോകകപ്പ് ജഴ്സികൾ. ഒരു ലേലം. ഇന്ന് @acmomentoയിലെ എന്റെ സുഹൃത്തുക്കൾ @sothebysൽ ഒരു ലേലം പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിൽ ഞാൻ അണിഞ്ഞ ആറു കുപ്പായങ്ങൾക്ക് വേണ്ടിയാണത്. ഫൈനലിൽ കളിച്ച ജഴ്സിയും ഈ ലേലത്തിനുണ്ടാകും’ എന്ന് മെസ്സി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
സോത്തേബിയുടെ വെബ്സൈറ്റിൽ നവംബർ 30 മുതൽ ഡിസംബർ 14 വരെ ലേലത്തിൽ പങ്കെടുക്കാം. ലേലം ചെയ്ത് കിട്ടുന്ന തുകയിലൊരു പങ്ക് ബാഴ്സലോണയിലെ സാന്റ് യോവാൻ ദേ ദ്യൂ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ അപൂർവരോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയുടെ യൂനികാസ് പ്രൊജക്ടിനു നൽകുമെന്നും കുറിപ്പിൽ താരം വിശദീകരിച്ചു. പത്തു ദശലക്ഷം ഡോളറാണ് (ഏകദേശം 76.4 കോടി രൂപ) ജഴ്സികൾക്ക് ഇട്ടിരിക്കുന്ന അടിസ്ഥാന വില.