പഴനി വഴി കൊടൈക്കനാലിലേക്കുള്ള യാത്ര, അത് മഞ്ഞുമ്മൽ ബോയ്സിന് വല്ലാത്തൊരു എക്സ്പീരിയൻസായിരുന്നു. ആ എക്സ്പീരിയൻസ് ബിഗ് സ്ക്രീനിലെത്തിയപ്പോൾ പ്രേക്ഷകരും മഞ്ഞുമ്മൽ ബോയ്സിന്റെ കൂടെ കൂടി. അവരോടൊപ്പം കൊടൈക്കനാലിലെ നിഗൂഢത നിറഞ്ഞ ഡെവിൾ’സ് കിച്ചൺ അഥവാ ഗുണ കേവിലേക്ക് പ്രേക്ഷകരും യാത്ര ചെയ്തു. ഈ 11 അംഗ സംഘത്തിലെ ഒരാൾ ഗുഹയുടെ ആഴങ്ങളിലേക്ക് തെന്നി വീണപ്പോൾ കാണുന്ന പ്രേക്ഷകന്റെയും നെഞ്ചിടിച്ചു. സാഹസികമായ രക്ഷാദൗത്യത്തിൽ തീയറ്ററിലെ ഓരോ പ്രേക്ഷകനും പങ്കുകൊണ്ടു. ഒടുവിൽ ഈ ഗുഹയിൽ അകപ്പെട്ടവരെ തിരിച്ചു കിട്ടിയിട്ടില്ല എന്ന ഗുണ കേവിന്റെ ചരിത്രം മഞ്ഞുമ്മൽ ബോയ്സ് തിരുത്തിയെഴുതിയപ്പോൾ പ്രേക്ഷകർ കണ്ണു നിറഞ്ഞുകൊണ്ടാണ് കയ്യടിച്ചത്.
ചരിത്രം തിരുത്തിയെത്തിയ മഞ്ഞുമ്മൽ ബോയ്സ് ബോക്സ്ഓഫിസിലും മികച്ച കുതിപ്പാണ് നടത്തുന്നത്. റിലീസ് ദിവസം തന്നെ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ നിന്നും വാരിക്കൂട്ടിയത് 3.35 കോടിയാണ്. ഈ വർഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്‌ഷൻ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ് നേടിയിരിക്കുന്നത്. മാത്രമല്ല സൂപ്പർതാരങ്ങളില്ലാതെ ഒരു സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്‌ഷനെന്ന റെക്കോർഡും മഞ്ഞുമ്മൽ ബോയ്സ് നേടി. അതേസമയം ആഗോള കളക്‌ഷൻ 7 കോടി കടക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
‘ജാൻ എ മൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. കേരളത്തിലും തമിഴിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ചന്തു സലീംകുമാർ, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ മഞ്ഞുമ്മൽ ബോയ്സിനെ അവതരിപ്പിച്ചിരിക്കുന്നത്.
‘മഞ്ഞുമ്മൽ ബോയ്സ്’ മലയാളത്തിന്റെ സീൻ മാറ്റുമെന്നു പറഞ്ഞ സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വാക്കുകളും ചിത്രത്തിന്റെ വിജയത്തിന് ആക്കം കൂട്ടി. സുഷിൻ ശ്യാമിന്റെ സംഗീതവും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവുമാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഇതിനൊപ്പം അഭിനേതാക്കളുടെ പ്രകടനവും ചിദംബരത്തിന്റെ സംവിധാന മികവും കൂടി ചേർന്നതോടെ മലയാളത്തിന് പുതിയൊരു അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരണം പൂർത്തിയാക്കിയത്. മലയാള സിനിമയുടെ സീൻ മാറ്റിയ മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ തിയറ്ററുകളിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കാണ്.