സുഹൃത്ത് ബന്ധത്തിന്റെ യഥാർത്ഥ കഥ പറയുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്ററുകളിൽ നിറഞ്ഞ കയ്യടികളോടെ മുന്നേറുകയാണ്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ് ഇതിനോടകം തന്നെ മാറിക്കഴിഞ്ഞു. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നിരിക്കുന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് 21 ദിവസം കൊണ്ട് മറികടന്നിരിക്കുകയാണ്. നിലവിൽ 176 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി ക്ലബ്ബിൽ കയറുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
‘ജാൻ.എ.മൻ’ എന്ന സിനിമയിലൂടെ സിനിമാ സംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമ തമിഴ്‌നാട് നിന്ന് മാത്രം നേടിയ കളക്ഷൻ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമ എന്ന റെക്കോർഡും ‘മഞ്ഞുമ്മൽ ബോയ്സിന്’ സ്വന്തം. 900 അടി താഴ്ചയിലേക്ക് വീണ സുഭാഷിനെ കുട്ടേട്ടൻ രക്ഷിച്ചു, മലയാള സിനിമയെ ചിദംബരവും.