റെക്കോർഡ് കളക്ഷനുമായി സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാളത്തിന് പുറമെ അന്യഭാഷകളിലും ഹിറ്റായ ചിത്രം ഇപ്പോഴും ട്രെന്റിങ് ലിസ്റ്റിൽ തന്നെയാണ്. ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകൾ ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതാണ്. ഇപ്പോൾ ചിത്രത്തിന്റെ ക്ലൈമാസ് സീനുകളിലെ ശ്രീനാഥ് ഭാസിയുടെ മേക്കോവറുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് സംവിധായകൻ ചിദംബരം.
ശരീരം നിറയെ ചെളിയും മുറിവുമായി നിൽക്കുന്ന സുഭാഷ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി ജീവിക്കുകയായിരുന്നു. എന്നാൽ ശ്രീനാഥിന്റെ ശരീരത്തിലുള്ളത് ചെളിയല്ലെന്നും ഓറിയോ ബിസ്കറ്റാണെന്നുമാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. ക്ലൈമാക്സിൽ ശ്രീനാഥിന്റെ ശരീരം നിറയെ ബിസ്കറ്റ് പൊടിച്ചതാണ് തേച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉറുമ്പുകടിയൊക്കെ കൊണ്ടാണ് ശ്രീനാഥ് ചിത്രത്തിന്റെ ക്ലൈമാക്സിൽ അഭിനയിച്ചതെന്നും ചിദംബരം പറഞ്ഞു.
“മഴ പെയ്തതിന് ശേഷമുള്ള ചെളിയാണ് ദേഹത്തു കാണിക്കേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്ത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല, അത് ഓറിയോ ബിസ്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ റോണക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്. റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്കറ്റ് തേച്ചുവച്ചതുകൊണ്ട് ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർത്ഥത്തിൽ ഞെട്ടിപ്പോയിരുന്നു” എന്നാണ് സംവിധായകൻ പറഞ്ഞത്.