മലയാള സിനിമ മാത്രമല്ല, മറ്റ് സിനിമാ ഇൻഡസ്ട്രികളും ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’. തിയറ്ററുകളിൽ കയ്യടികളും കരച്ചിലും രോമാഞ്ചവും സൃഷ്‌ടിച്ച ചിത്രത്തിന്റെ വലിയ വിജയം സിനിമാ ലോകം ഒന്നടങ്കം അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. നിരവധി പ്രമുഖർ സിനിമ കാണുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൺ എന്ന ഗുണ കേവിനെ കുറിച്ച് ഭൂരിഭാഗം പേരും ആദ്യം അറിയുന്നത് കമൽഹാസൻ നായകനായി എത്തിയ ഗുണ എന്ന ചിത്രത്തിലൂടെ ആയിരിക്കും. ഇന്നും ഏവരും പാടി നടക്കുന്ന ‘കണ്മണി അൻപോട് കാതലൻ…’ എന്ന പാട്ടും ഡയലോഗുകളും ചിത്രീകരിച്ച ഈ ഗുഹയ്ക്ക് ഗുണ കേവ് എന്ന പേര് വന്നത് ഈ ചിത്രത്തിലൂടെ ആണ്. ഇവിടെ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ചിത്രം മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്നതിനിടെ ഉലകനായകനെ നേരിൽ കണ്ട സന്തോഷം പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാത്രമല്ല, തമിഴ് നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെയും ടീം നേരിൽ കണ്ടു. ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷമായിരുന്നു എന്നാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ ടീം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സംവിധായകൻ ചിദംബരം, കലാസംവിധായകൻ അജയൻ ചാലിശ്ശേരി, സംഗീത സംവിധായകൻ സുഷിൻ ശ്യാം, അഭിനേതാക്കളായ ശ്രീനാഥ് ഭാസി, ഗണപതി, ബാലു വർഗീസ് തുടങ്ങി മഞ്ഞുമ്മല്‍ ബോയ്സിലെ ഭൂരിഭാഗം കഥാപാത്രങ്ങളെ അവതരിപ്പിച്ചവരുമാണ് കമൽഹാസനെ കാണാൻ എത്തിയത്. പ്രിയ താരത്തെ കണ്ട സന്തോഷം ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചപ്പോൾ കമന്റുകളും അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.
‘ഓരോ കഥകൾക്കും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സുകൾ ഉണ്ടാകും!!ഉലകനായകൻ കമൽ സാറിനും ഗുണ സംവിധായകൻ സന്താനഭാരതി സാറിനും ഒപ്പം പ്രിയപ്പെട്ട ചിദംബരം ! മഞ്ഞുമ്മൽ സിനിമ കണ്ടയുടൻ അദ്ദേഹം ചെന്നൈയിലേക്ക് വിളിപ്പിച്ചു സന്തോഷം നേരിൽ അറിയിച്ചു. മഞ്ഞുമ്മൽ സിനിമയെ പറ്റിയും ഗുണ ഷൂട്ടിംഗ് കാലത്തിലെ ഒരുപാട് കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഒരു മണിക്കൂർ നേരം അദ്ദേഹം പങ്കുവെച്ചു. വളരെ വളരെ സന്തോഷം!!”, എന്നാണ് ചിദംബരവും കമൽ ഹാസനും നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചുകൊണ്ട് അജയൻ ചാലിശ്ശേരി കുറിച്ചു.