അർബുദ രോഗത്തോട് പൊരുതി വിജയിച്ച താരമാണ് ബോളിവുഡ് സുന്ദരി മനീഷ കൊയ്രാള. ഇപ്പോൾ കാൻസറുമായുള്ള തൻ്റെ പോരാട്ടത്തിനിടയിലെ ജീവിതത്തേക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം. അർബുദം സ്ഥിരീകരിച്ചതോടെ തന്റെ സുഹൃത്തുക്കൾ ഒറ്റപ്പെടുത്തിയെന്നും ബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള തിരിച്ചറിവുകൾ നൽകാൻ രോഗം കാരണമായെന്നുമാണ് നടി തുറന്നുപറയുന്നത്.
രോഗത്തോട് മല്ലടിച്ചിരുന്ന സമയത്ത് തന്റെ കുടുംബം മാത്രമേ പിന്തുണയ്ക്കാനുണ്ടായിരുന്നുള്ളുവെന്നും ആ സമയത്തും പല കുടുംബാംഗങ്ങളും തന്നെ സന്ദർശിച്ചില്ലെന്നും മനീഷ വെളിപ്പെടുത്തി. “അതൊരു യാത്രയും പഠനാനുഭവവുമാണ്. എനിക്ക് ഒന്നിലധികം സുഹൃത്തുക്കൾ ഉണ്ടെന്ന് ഞാൻ ശരിക്കും വിശ്വസിച്ചു. ഒരുമിച്ച് പാർട്ടി നടത്തുകയും യാത്ര ചെയ്യുകയും ആസ്വദിക്കുകയും ചെയ്‌ത ആളുകൾ എന്റെ വേദനയിൽ എന്നോടൊപ്പമുണ്ടാവുമെന്ന് ഞാൻ കരുതി. അത് അങ്ങനെയായിരുന്നില്ല. ആരുടെയും വേദനയിൽ ഇരിക്കാൻ ആളുകൾക്ക് കഴിയില്ല.
അതിനായി നമ്മളെപ്പോഴും ഒഴിവുകഴിവുകൾ കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കും. വേദനയിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ ആഗ്രഹിക്കുന്നു. അത് മനുഷ്യസഹജമാണ്. താൻ വളരെയധികം ഏകാന്തത അനുഭവിച്ചു. അടുത്ത കുടുംബം മാത്രമാണ് തനിക്ക് ചുറ്റുമുള്ളതെന്ന് താൻ മനസിലാക്കി. എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ആരൊക്കെ എന്നെ വിട്ടുപോയാലും എൻ്റെ അച്ഛനമ്മമാരും സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയുമൊക്കെത്തന്നെയാണ് എപ്പോഴും എനിക്കൊപ്പമുണ്ടാവുക എന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്തുസംഭവിച്ചാലും കുടുംബത്തിനാണ് എൻ്റെ പ്രഥമ പരിഗണന. അവരാണ് എല്ലാവരേക്കാളും മുൻപേ എന്റെ ജീവിതത്തിൽ വന്നത്” എന്നാണ് മനീഷ കൊയ്‌രാള പറഞ്ഞത്.
2012-ലാണ് അണ്ഡാശയ അർബുദം മനീഷയെ ബാധിച്ചത്. തുടർന്ന് വലിയ പോരാട്ടം നടത്തിയാണ് താരം രോഗത്തെ അതിജീവിച്ചത്. പിന്നീട് അസുഖവുമായി ബന്ധപ്പെട്ട് ‘ഹീൽഡ്: ഹൗ കാൻസർ ഗെവ് മി എ ന്യൂ ലൈഫ്’ എന്ന പുസ്‌തകവും എഴുതിയിരുന്നു.