നടൻ മധുവിന് നവതി ആശംസയുമായി നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. മോഹൻലാൽ മധുവിനെ കാണാൻ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയാണ് ആശംസകൾ അറിയിച്ചത്. മമ്മൂട്ടി ഫേസ്ബുക്കിലൂടെയും പിറന്നാൾ ആശംസയറിയിച്ചു. പിറന്നാൾ ദിനത്തിനു മുൻപേ മോഹൻലാൽ ആശംസയുമായി മധുവിന്റെ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടിലെത്തിയിരുന്നു. എന്റെ സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ ആശംസകൾ മധു സാർ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
തിരുവനന്തപുരത്ത് നടക്കുന്ന സിനിമാ ചിത്രീകരണം കഴിഞ്ഞതിന് ശേഷം രാത്രിയാണ് ലാൽ മധുവിന്റെ വീട്ടിൽ എത്തിയത്. ലാലിന്റെ വരവ് അപ്രതീക്ഷിതമാണ്. ഏറെ സന്തോഷവും ആഹ്ളാദവുമുണ്ടെന്ന് മധു പറഞ്ഞു. നർമ സംഭാഷണത്തിനൊടുവിൽ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചാണു ലാൽ തിരികെ മടങ്ങിയത്. തലസ്ഥാനത്തു ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നു വൈകുന്നേരം ‘മധുമൊഴി’ എന്ന ആദരം പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
അതേസമയം മലയാള സിനിമയുടെ ശൈശവ കാലം മുതൽ ബിഗ് സ്ക്രീനിന് ഒപ്പം കൂടിയ മധുവിനെ കുറിച്ച് പറയുമ്പോൾ മമ്മൂട്ടിക്ക് ആവേശമാണ്. അദ്ദേഹത്തോടുള്ള തന്റെ ആരാധനയെ കുറിച്ച് പല വേദികളിലും മമ്മൂട്ടി വാചാലനായിട്ടുമുണ്ട്. ആറിലോ ഏഴിലോ പഠിക്കുന്ന സമയത്താണ് മമ്മൂട്ടി മധുവിനെ ആദ്യമായി കാണുന്നത്. കൂട്ടുകാരുമൊത്ത് സിനിമാ ഷൂട്ട് കാണാൻ പോയ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി വള്ളത്തിൽ പോവുന്ന സമയത്ത് പെട്ടന്നൊരു സ്വപ്നം പോലെ മധു ആ വള്ളത്തില്‍ കയറി.അന്ന് മുതൽ മധുവിന്റെ ആരാധകനായെന്നും മമ്മൂട്ടി പറഞ്ഞു.