‘കൊമ്പെടുത്തൊരു വമ്പ് കാണിച്ച്…’ ജാതി രാഷ്ട്രീയത്തെ, അതിന്റെ ഭീകരതയെ അതേപടി പറഞ്ഞുവച്ച മമ്മൂട്ടി- രതീന ചിത്രമാണ് ‘പുഴു’. സമാന ആശയം സംസാരിച്ച നിരവധി ചിത്രങ്ങൾ ഉണ്ടെങ്കിലും ‘പുഴു’ വ്യത്യസ്തമായ രീതിയിലുള്ള ആവിഷ്കാരത്തിലൂടെ വേറിട്ട് നിൽക്കുന്ന ചിത്രമാണ്. കാലമെത്ര മാറിയാലും മനുഷ്യനും മനോഭാവവും മാറില്ലെന്ന് തുറന്ന് പറഞ്ഞ മനോഹര ചിത്രം. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ ശക്തമായ കഥാപാത്രങ്ങളായി പാർവതി തിരുവോത്തും അപ്പുണ്ണി ശശിയും മമ്മൂട്ടിയ്ക്കൊപ്പം മികച്ച അഭിനയം കാഴ്ചവച്ചു.
ഇപ്പോഴിതാ ഡിജിറ്റൽ ലോകത്ത്ഡി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. സിനിമയുടെ .എൻ.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍)പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. സിനിമയിലെ സവിശേഷമായ ചിത്രങ്ങള്‍, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡി.എൻ.എഫ്.ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡി.എൻ.എഫ്.ടിയുടെ പിറവിക്ക് കാരണമായ’തെന്ന് ഡി.എൻ.എഫ്.ടി ഡയറക്ടര്‍ സുഭാഷ് മാനുവല്‍ ചടങ്ങിൽ പറഞ്ഞു. കൊച്ചിയില്‍ വച്ച് നടന്ന ചടങ്ങില്‍ മമ്മൂട്ടി ഡി.എൻ.എഫ്.ടി ഡയറക്ടര്‍ സുഭാഷ് മാനുവലിന് ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രതീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡി.എൻ.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍). വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള പുതിയ മാര്‍ഗമാണിത്. ‘പുഴുവിലെ’ചില സവിശേഷമായ സ്റ്റില്‍സും വിഡിയോസും ഇതിന്റെ ഭാഗമായി ഡി.എൻ.എഫ്.ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനി ആണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.
മോഹന്‍ലാല്‍ ചിത്രമായ ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന ചിത്രത്തിന്റെ ഡി.എൻ.എഫ്.ടി ആണ് ലോകത്താദ്യമായി അവതരിപ്പിച്ചത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ‘2018 ‘സിനിമയുടെ കണ്ടന്റ് അവകാശവും ഡി.എൻ.എഫ്.ടി സ്വന്തമാക്കിയിട്ടുണ്ട്. ഒ.ടി.ടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു നൂതന സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ അവകാശം കൂടി നേടാനും ഡി.എൻ.എഫ്.ടി നീക്കങ്ങൾ നടത്തുന്നുണ്ട്.