തിയേറ്ററിൽ ആവേശ തരംഗം സൃഷ്ടിച്ച മമ്മൂട്ടിയുടെ മാസ് ചിത്രം ‘ടർബോ’ അറബി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നു. ഓഗസ്റ്റ് 2 മുതലാണ് ഗൾഫിലെ തിയേറ്ററുകളിൽ ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. മലയാള സിനിമകൾക്ക് അറബിയിൽ സബ് ടൈറ്റിൽ ഉണ്ടാകുമെങ്കിലും ഇത് ആദ്യമായാണ് ഒരു ചിത്രം പൂർണമായും മൊഴിമാറ്റം ചെയ്‌ത് വീണ്ടും റിലീസ് ചെയ്യുന്നത്.
11 ഇമറാത്തികൾ ഉൾപ്പെടെ 17 ഡബ്ബിങ് ആർട്ടിസ്റ്റുകൾ ചേർന്നാണ് ടർബോ മൊഴിമാറ്റം ചെയ്തിരിക്കുന്നത്. 3 ആഴ്ച കൊണ്ടാണ് മൊഴിമാറ്റം പൂർത്തീകരിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഡബ്ബിങ് ആർട്ടിസ്‌റ്റ് തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ട്രൂത്ത് ഗ്ലോബൽ ഫിലിം ആണ് മൊഴിമാറ്റ ചിത്രം ജിസിസി രാജ്യങ്ങളിൽ വിതരണം ചെയ്യുന്നത്. ഇത് രണ്ട് സംസ്‌കാരങ്ങളുടെ കൂടിച്ചേരലാണെന്ന് മമ്മൂട്ടി വ്യക്തമാക്കി. ചിത്രം ആദ്യമായി റിലീസ് ചെയ്തപ്പോൾ സൗദി അറേബ്യയിൽ ആദ്യ ദിനത്തിലെ കളക്ഷൻ ഏറ്റവും കൂടുതൽ നേടുന്ന മലയാള ചിത്രമെന്ന റെക്കോർഡ് ടർബോ സ്വന്തമാക്കിയിരുന്നു.