ഇനി കുഞ്ഞ് അമീറയ്ക്ക് ഈ ലോകം മുഴുവൻ കൺനിറയെ കാണാം. മമ്മൂട്ടിയുടെ സഹായ ഹസ്തങ്ങൾ അമീറയ്ക്ക് നൽകിയത് പുതു ജീവനാണ്. ആലപ്പുഴ പുന്നപ്രയിലെ ഈ മൂന്ന് വയസുകാരി ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കൺ തുറക്കുമ്പോൾ മലയാളത്തിന്റെ മഹാനടന്റെ കാരുണ്യമാണ് പ്രകാശം പരത്തുന്നത്. അത് മാത്രമല്ല, ലോക കാഴ്ച്ച ദിനമായ ഒക്ടോബർ 12-ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറ ആശുപത്രി വിടും എന്നതും വലിയ പ്രത്യേകതയാണ്.
പിറന്നു വീണപ്പോൾ തന്നെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ട അമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ഈ ലോകം അറിഞ്ഞത്. സിദ്ധിഖ്-കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ ഈ മൂന്ന് വയസ്സുകാരി അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാൻ മധുരയിൽ പോകണം. അതിന് വൻ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടർമാർ പറഞ്ഞപ്പോൾ മുന്നിൽ മറ്റു വഴികൾ ഇല്ലാതിരുന്ന മാതാപിതാക്കളുടെ കഥ മാധ്യമങ്ങളാണ് പ്രസിദ്ധീകരിച്ചത്.
എന്നാൽ ആലപ്പുഴയിലെ സാമൂഹിക പ്രവർത്തകനായ വാഹിദ് ഈ വാർത്തകൾ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാർത്തകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ താരം ഇടപെടുകയും ചെയ്തു. തന്റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികിത്സ മാറ്റാൻ നിർദ്ദേശിച്ചു. മമ്മൂട്ടി തുടർ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാൻ കെയർ ആൻഡ് ഷെയറിന് നിർദേശം നൽകുകയും ചെയ്തു.
അതേസമയം അങ്കമാലി ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ നേത്ര ബാങ്കിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് 50 കണ്ണ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ സൗജന്യമായി നടത്തുവാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർ നാഷണൽ ഫൗണ്ടേഷനും ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലും തമ്മിൽ ധാരണ ആയിരുന്നു. മാത്രമല്ല, കാഴ്ച്ച പദ്ധതിയിലെ ആദ്യത്തെ കണ്ണ് മാറ്റിവെക്കൽ ശാസ്ത്രക്രിയയായിരുന്നു അമീറയുടേത്.