കണ്ണിൽ അഗ്നിയും മുഖത്ത് രൗദ്രവും നിറച്ച് മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഭ്രമയുഗം. പ്രേക്ഷകരെ ഭയത്തിന്റെ വലയത്തിൽ അകപ്പെടുത്തുന്ന മാന്ത്രിക നോട്ടത്തിലൂടെ റിലീസിന് മുമ്പ് തന്നെ ചിത്രം ശ്രദ്ധേയമായി. കുഞ്ചമൻ പോറ്റി എന്ന ദുർമന്ത്രവാദിയായി അരങ്ങ് വാഴാൻ ഒരുങ്ങിയിരിക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും ചിത്രമെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.
സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരി 15നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ചിത്രത്തിന്റെ ബജറ്റ്. പല ഊഹക്കണക്കുകളും സാമൂഹ്യമാധ്യമത്തിൽ അരങ്ങുവാഴുമ്പോൾ ചിത്രത്തിന്റെ യാഥാർത്ഥ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമ്മാതാവായ ചക്രവർത്തി രാമചന്ദ്ര.
27.73 കോടിയാണ് ചിത്രത്തിൻ്റെ ബജറ്റ് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണ് ഇതെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരുമായി പങ്കിട്ടു. ബ്ലാക്ക് ആന്റ് വൈറ്റിൽ തിയേറ്ററിലെത്തുന്ന ചിത്രവുമായി ബന്ധപ്പെട്ട മർമ്മപ്രധാന വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വിവിധ പോസ്റ്ററുകൾ ഇടക്കിടെ പ്രേക്ഷകരിലേയ്ക്കെത്തിക്കുന്നുമുണ്ട്. പുറത്തുവരുന്ന മിക്ക പോസ്റ്ററുകളും ഭയാനകമാണ് എന്നതുകൊണ്ടുതന്നെ ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വളരെ വലുതാണ്.
രാഹുൽ സദാശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് തിയേറ്ററുകളിലെത്തുക. നാല് കഥാപാത്രങ്ങൾ മാത്രം പ്രത്യക്ഷപ്പെടുന്ന സിനിമയ്ക്ക് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്.