കേരളക്കരയിൽ ആവേശം തീർത്ത മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘വല്യേട്ടൻ’ റീ റിലീസിന് ഒരുങ്ങുന്നു. അറക്കൽ മാധവനുണ്ണിയും അനുജന്മാരും 4കെ മികവിലാണ് മലയാളി പ്രേക്ഷകർക്ക് മുമ്പിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്.
രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്യേട്ടൻ 25 വർഷങ്ങൾക്ക് ശേഷമാണ് റീ റിലീസിനൊരുങ്ങുന്നത്. 4Kകെഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ നൂതനശബ്ദ ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെയാണ് ചിത്രമെത്തുന്നത്. ഷാജി കൈലാസ് – രഞ്ജിത്ത് കൂട്ടുകെട്ടിലെ ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് വല്യേട്ടൻ.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം 4കെ ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൽ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ശോഭന, സായ്കുമാർ, മനോജ് കെ. ജയൻ, സിദ്ദിഖ്, എൻ.എഫ്. വർഗീസ്, കലാഭവൻ മണി, വിജയകുമാർ, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളാണ് വല്യേട്ടനിൽ അണിനിരന്നത്.