മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കോസ്റ്റും വെറും മുണ്ട് മാത്രമാണ്. പക്ഷെ, അതിന് മാത്രം ചിലവായത് ലക്ഷങ്ങളാണ് എന്ന് കേട്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. കോസ്റ്റുമിന് മാത്രം എത്ര ചിലവായെന്ന കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ മെൽവി ജെ. സാധാരണ ഒരു പടത്തിന് നാല് ലക്ഷത്തിനുള്ളിൽ കോസ്റ്റ്യും ചെയ്ത് തീർക്കാം. എന്നാൽ ഭ്രമയുഗത്തിന് എട്ട് മുതൽ പത്ത് ലക്ഷം വരെയാണ് ചെലവായതെന്ന മെൽവി ജെയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ പ്രേമികൾ.
‘ഭ്രമയുഗത്തിൽ ഓരോ ആർട്ടിസ്റ്റിനും 16 മുണ്ടുകൾ ആണ് ഉണ്ടായിരുന്നത്. സാധാരണ നാല് ലക്ഷത്തിനുളളിൽ ഒരു ചിത്രം തീർക്കാൻ കഴിയും. എന്നാൽ ഭ്രമയുഗത്തിന് എട്ട് മുതൽ 10 ലക്ഷം വരെ ചെലവായിട്ടുണ്ട്. ചിത്രത്തിൽ മുണ്ട് മാത്രമേ കോസ്റ്റ്യൂമായിട്ടുള്ളൂ. ക്ലൈമാക്സിലേക്ക് വരുമ്പോൾ കഥാപത്രങ്ങളുടെ മുണ്ടിൽ വരുന്ന മാറ്റങ്ങൾ ,ഡള്ളിങ്ങൊക്കെ വളരെ കൃത്യമായി ശ്രദ്ധിക്കണം. ആദ്യം ചിത്രീകരിച്ചത് ക്ലൈമാക്സിന് മുമ്പുള്ള ഭാഗങ്ങളാണ്. 16 മുണ്ടുകളാണ് ഓരോ ആർട്ടിസ്റ്റിനും കൊടുത്തത്. ചിത്രത്തിൽ നല്ലത് പോലെ പണിയെടുത്തിട്ടുണ്ട്.’ മെൽവിൻ പറഞ്ഞു.
ഭ്രമയുഗത്തിലെ യക്ഷിയുടെ കഥാപാത്രത്തിന്റെ കോസ്റ്റ്യൂമിനെക്കുറിച്ചും മേൽവി ജെ പറഞ്ഞു. സാധാരണ വെള്ള സാരിയാണ് യക്ഷിയുടെ വേഷമായി എല്ലാവരും കണ്ടിട്ടുണ്ടാവുക. ഭാവിയിൽ ഞാൻ ചെയ്ത യക്ഷിയെ റെഫറൻസ് എടുക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. എട്ട് തവണയാണ് ആ കഥപാത്രത്തിനായി ലുക്ക് ടെസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപയാണ് യക്ഷിയുടെ മാത്രം വസ്ത്രത്തിന് ചെലവായത്- മേൽവി ജെ പറഞ്ഞു.
ഭൂതകാലത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏപ്രിൽ 15 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. 50 കോടി ക്ലബ്ബിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.