മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കാൽ ലക്ഷം രക്തദാനം’ ക്യാമ്പയിന് പിന്തുണയുമായി അങ്കമാലി കളക്ടറും സിനിമാ സംവിധായകനും എറണാകുളം എസ്പിയും. ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ തുറന്ന പ്രത്യേക ബ്ലഡ് ബാങ്കിലെത്തി അങ്കമാലി എംഎൽഎയായ റോജി എം ജോൺ, ചലച്ചിത്ര സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എസിപി രാജ്കുമാർ എന്നിവരാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ രക്തദാന ക്യാമ്പിൽ പങ്കാളികളായത്. നാളെയാണ് മമ്മൂട്ടിയുടെ പിറന്നാൾ.
അതേസമയം മമ്മൂട്ടി ഏറെ ഇഷ്ടമുള്ള നടൻ മാത്രമല്ല അദ്ദേഹത്തിലെ സഹനുഭൂതിയുള്ള മനുഷ്യനെയും ഏറെ ഇഷ്ടപ്പെടുന്നു എന്ന് എം എൽ എ പറഞ്ഞു. അതേസമയം ഒരു ആരാധകൻ എന്ന നിലയിൽ തന്റെ കടമയും ഉത്തരവാദിത്തവുമാണ് ഈ രക്തദാനമെന്ന് സംവിധായകൻ അജയ് വാസുദേവ് വ്യക്തമാക്കി. ‘മമ്മൂട്ടി ഫാൻ’ ആയ തന്നെ വിസ്മയ കേസ് വിധി വന്നപ്പോൾ മമ്മൂട്ടി വിളിച്ചഭിനന്ദിച്ചത് രിക്കലും മറക്കാനാവില്ലന്ന് എറണാകുളം എസിപി രാജ്കുമാറും അറിയിച്ചു. ഇവരെ കൂടാതെ മുൻ മന്ത്രി ജോസ് തെറ്റയിലും രക്തദാതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ ജീവനക്കാർ, പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിലെ നൂറോളം ജീവനക്കാർ എന്നിവരുടെ രക്തദാനവും ക്യാമ്പയിനിൽ ശ്രദ്ധേയമായി. ഈ പദ്ധതിയിലൂടെ 15,000 ആളുകൾ ഇതുവരെ രക്തദാനം നടത്തിയെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ മമ്മൂട്ടിയുടെ നന്മകൾക്ക് ഒപ്പം നടക്കുവാൻ തങ്ങൾക്ക് എന്നും അഭിമാനമുണ്ടന്ന് ഗോകുലം ഗ്രൂപ്പ് എ ജി എം ജിതേഷ് ബി പറഞ്ഞു.