16 വർഷത്തെ ഇടവേളയ്ക്കുശേഷം താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വീണ്ടും ഇരുവരും ഒരുമിച്ച് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം നവംബറിൽ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
സിനിമയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 80 കോടി ചെലവിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ലണ്ടൻ, ശ്രീലങ്ക, ഹൈദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായിരിക്കുമെന്നാണ് വിവരം. 2008-ൽ ജോഷി സംവിധാനം ചെയ്ത ‘ട്വന്റി:20’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
1982-ൽ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നു ഇരുവരും ഒരുമിച്ച് ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. പിന്നാലെ അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ, ഹരികൃഷ്ണൻസ്, നരസിംഹം തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി.