ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ നിന്നുയരുന്ന വിഷപ്പുക ശ്വസിച്ച്, കൊച്ചിയിലെ വീടുകളിൽ എൻ്റെ അമ്മയെപ്പോലെ എത്രയോ അമ്മമാരുണ്ട് എന്നുള്ളതാൻ് ഏറെ ദിവസമായി ഏറ്റവും വലിയ വേദനയെന്ന് ആശങ്ക പങ്കുവച്ച് മോഹൻലാൽ. വയോധികരും കുഞ്ഞുങ്ങളും രോഗികളുമുൾപ്പെടെ ഇത്തരത്തിൽ ജീവിക്കേണ്ടി വരുന്നത് പേടിപ്പെടുത്തുന്നു. ശ്വാസകോശങ്ങളിലെത്തുന്ന പുകയുടെ ഭവിഷ്യത്ത് ഒരു പക്ഷെ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വന്നേക്കാം. പ്രകൃതിദുരന്തമോ കാലാവസ്ഥാ വ്യതിയാനമോ അല്ല, മനുഷ്യനുണ്ടാക്കിയ ദുരന്തമാണെന്നതാണ് കൂടുതൽ ദുഖകരമെന്ന് നടൻ പറയുന്നു.
ഇത് ആരുടെ വീഴ്ചയാണെന്ന തർക്കത്തിനിടെ അടിയന്തര പരിഹാരം ചർച്ച ചെയ്യാതെ പോകുന്നുവെന്നാണ് മോഹൻലാലിൻ്റെ വിമർശനം. കൊച്ചിപോലെ വൃത്തികേടായി മാലിന്യം കൈകാര്യം ചെയ്യുന്ന ഏതെങ്കിലും നഗരമുണ്ടാകുമോയെന്നും 5 വർഷം മുൻപു ഞാനൊരു കുറിപ്പിൽ മാലിന്യം കൈവിട്ടുപോകുന്ന പ്രശ്നമാകുമെന്ന് ആശങ്ക പ്രകടിപ്പിച്ച് കത്ത് മുഖ്യമന്ത്രിക്കും നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൊണ്ടു മാത്രം ഒന്നും നടക്കില്ല, നടപടി വേണമെന്ന് മോഹൻലാൽ ചൂണ്ടിക്കാട്ടി.
അതേസമയം തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടിയും കഴിഞ്ഞ ദിവസം പ്രതികരിച്ചു. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യെന്നും രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു.
ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസംമുട്ടലായതായും മമ്മൂട്ടി പറയുന്നു. കൊച്ചിയിലും പരിസരത്തും മാത്രമല്ല പ്രശ്നം. സമീപ ജില്ലകളും പിന്നിട്ട് ഇത് വ്യാപിക്കുകയാണ്. വലിയ അരക്ഷിതാവസ്ഥയാണിതെന്ന് ആശങ്കയോടെ മമ്മൂട്ടി പറഞ്ഞു.
മാലിന്യ പ്ലാൻ്റിലുണ്ടായ തീപിടിത്തത്തിൽ സർക്കാരിനോടുള്ള പ്രതിഷേധം അറിയിച്ച് രമേഷ് പിഷാരടിയും രംഗത്തുവന്നിരുന്നു. പൊളിറ്റിക്കൽ കറക്റ്റ്നെസ് അഥവാ ‘പൊ ക’ എന്ന പേരിലാണ് കുറിപ്പ് പങ്കുവച്ചത്. ബ്രഹ്മപുരത്ത് തീഅണയ്ക്കാൻ ശ്രമിക്കുന്ന പൊതുപ്രവർത്തകരോടും സന്നദ്ധ സംഘടനകളോടും ആദരവെന്ന് കുറിച്ച പിഷാരടി കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട് അനുതാപമെന്നാണ് വിമർശനമുന്നയിച്ചത്.
ബ്രഹ്മപുരം വിഷയത്തില്‍ ചലച്ചിത്രതാരങ്ങളാരും പ്രതികരിക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം നിര്‍മാതാവ് ഷിബു ജി. സുശീലന് രംഗത്ത് വന്നിരുന്നു. വിജയ് ബാബു, മിഥുൻ മാനുവൽ തോമസ്, സജിത മഠത്തിൽ, ബാദുഷ , ബിജിപാൽ, ജോയ് മാത്യു, ഹരീഷ് പേരടി അടക്കം നിരവധി താരങ്ങൾ ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.