ഐപിഎൽ ആവേശം ദിവസങ്ങൾ കഴിയുംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത വിജയങ്ങൾക്കും പരാജയങ്ങൾക്കും ശേഷം ആര് കിരീടമുയർത്തുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. ഇതിനിടെ ഐപിഎൽ ആസ്വദിക്കാൻ ചെന്നൈയിലെത്തിയ മമിത ബൈജുവാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. താരം എത്തിയതോടെ പ്രേമലു എഫക്ടായിരുന്നു ഗ്യാലറിയിൽ പ്രതിഫലിച്ചിരുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള മത്സരം കാണാനാണ് മമിത എത്തിയത്. എം.എസ്. ധോണിയുടെ കടുത്ത ആരാധികയായ മമിത ചെന്നൈയുടെ മഞ്ഞ ജേഴ്സിയായിരുന്നു അണിഞ്ഞിരുന്നത്. സഹോദരൻ മിഥുൻ ബൈജുവിനൊപ്പമെത്തിയ താരത്തെ ആരാധകർ കൂട്ടത്തോടെ പൊതിയുകയായിരുന്നു. താരത്തിനൊപ്പം സെൽഫിയെടുക്കാനും സംസാരിക്കാനുമായി വലിയ തിരക്ക് തന്നെയായിരുന്നു അനുഭവപ്പെട്ടിരുന്നത്.
പ്രേമലു സിനിമയിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായി മാറിയ മമിത യുവാക്കളുടെ ക്രഷ് ആയി മാറിയിരിക്കുകയാണ്. എന്തായാലും അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.