സിനിമയെക്കാൾ സംഗീതത്തെയായിരുന്നു ബാബു സ്നേഹിച്ചത്. സെയ്താപ്പേട്ടയിലെ സമ്പന്നർ മാത്രം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മട്ടുപ്പാവിൽ ഇരുന്നുകൊണ്ട് എ.എസ്. ബാബു സൗന്ദർരാജൻ പാടിയ പാട്ടുകൾ അതേ ഇമ്പത്തിൽ പാടുമായിരുന്നു. ഗായകനാകാൻ ആഗ്രഹിച്ച് കൊല്ലം വിട്ട് മദ്രാസിലേക്ക് ചേക്കേറിയ ബാബുവിന് വർഷങ്ങൾ കഴിഞ്ഞിട്ടും സിനിമയിൽ ഒന്നുമാവാൻ കഴിഞ്ഞില്ല. പക്ഷേ സിനിമാ ലോകത്തെ സൂപ്പർ താരങ്ങളുടെ അച്ഛൻ എന്ന് അറിയപ്പെടാൻ ആയിരുന്നു നിയോഗം.
ആലീസിനെ കല്യാണം കഴിച്ച് മദ്രാസിൽ ജീവിക്കുന്ന കാലം. അവർക്ക് റിച്ചാർഡ് എന്ന മകൻ പിറന്നു. സുന്ദരനായ റിച്ചാർഡിനെ കണ്ട് പലരും സിനിമയിൽ അഭിനയിപ്പിച്ചു കൂടെ എന്ന് ചോദിച്ചു. ഈ ചെറു പ്രായത്തിൽ എങ്ങനെ എന്നായിരുന്നു ബാബുവിന്റെ ആശങ്ക. എന്നാൽ സിനിമിയിലെ അവസരങ്ങൾ ഈ കുടുംബത്തിലേക്ക് എത്തിച്ചേർന്നത് ശാലിനിയുടെ ജനനത്തോടെയാണ്. റിച്ചാർഡിന് രണ്ട് വയസ്സുളളപ്പോഴാണ് ശാലിനിയുടെ ജനനം.
‘മാമാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിന് വേണ്ടി ബാലതാരത്തെ അന്വേഷിക്കുകയായിരുന്നു നിർമാതാവായ നവോദയ അപ്പച്ചൻ. ബാബു വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ വഴി ശാലിനിയുടെ ഫോട്ടോ അപ്പച്ചന്റെ കൈകളിൽ എത്തി. ബാബുവിനോട് മകളെയും കൂട്ടി ഓഫീസിൽ എത്താൻ പറഞ്ഞുകൊണ്ട് ഒരു ഫോൺ കാൾ. ആ കൂടിക്കാഴ്ച്ചയിൽ മലയാള സിനിമയ്ക്ക് കിട്ടിയത് മികച്ച ഒരു അഭിനേത്രിയേയാണ്. ആരെയും ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കുന്ന മിടുക്കിയായ ബേബി ശാലിനിയെ.
അങ്ങനെ 1982 ഇൽ ബാബുവിന്റെ രണ്ടാമത്തെ കുഞ്ഞ് അഞ്ചാമത്തെ വയസ്സിൽ വെള്ളിത്തിരയിലെത്തി. ഫാസിലിന്റെ സംവിധാനത്തിൽ മലയാളികളുടെ സ്വന്തം മാമാട്ടിക്കുട്ടിയമ്മയായി. പുതുമുഖ താരം ബേബി ശാലിനി എന്ന് ബിഗ് സ്‌ക്രീനിൽ തെളിഞ്ഞു. ചരിത്രത്തിൽ ആദ്യമായി മലയാള സിനിമ ഒരു കുട്ടി അഭിനേതാവിന്റെ പ്രകടനം കാണാൻ കാത്തിരുന്നു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ആ വർഷത്തെ കേരള സംസ്ഥാന അവാർഡ് സ്വന്തമാക്കി ബേബി ശാലിനി സിനിമയിലെ തന്റെ സ്ഥാനം ഉറപ്പിച്ചു. മാമാട്ടിക്കുട്ടിയമ്മയുടെ വിജയം കേരളക്കരയിൽ ബേബി ശാലിനി തരംഗമായി മാറി. ശാലിനിയിലൂടെ ബാബുവിനെയും ആലിസിനെയും തേടി സൗഭാഗ്യങ്ങൾ എത്തി. ഇതിനിടെ കുടംബത്തിന് മധുരസന്തോഷമായി ശ്യാമിലിയും പിറന്നു.
മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരു പിടി ചിത്രങ്ങൾ ബേബി ശാലിനിയെ തേടിയെത്തി. ആൺകുട്ടിയായും പെൺകുട്ടിയായും ബേബി ശാലിനി വെള്ളിത്തിരയിൽ വിസ്മയം തീർത്തു. ‘ഒന്നാണ് നമ്മളിലെ സോണിക്കുട്ടിയും ചക്കരയുമ്മയിലെ ശാലു മോളും തമിഴിലെ പിള്ളൈ നിലായിലെ ശാലിനിയും കന്നഡയിലെ ഈ ജീവ നിനഗിയിലെ ലതയും ബേബി ശാലിനിയുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ആണ്. ജഗദേഗ വീരുഡു അതിലോക സുന്ദരി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്യാമിലിയായി ബേബി ശാലിനി വെള്ളിത്തിരയിൽ നിന്ന് ഇടവേളയെടുത്തു. നാല് ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചുകൊണ്ട് ഒരു ബാലതാരം സിനിമാ ലോകം ‘വന്നു കണ്ടു കീഴടക്കി’.
ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് കൈ പിടിച്ചുയർത്തിയ അതേ സംവിധായകന്റെ നായികയായി ശാലിനി സിനിമാ ലോകത്തേക്ക് തിരിച്ചെത്തി. ബാലതാരമായി അതിശയിപ്പിച്ച അതേ വെള്ളിത്തിരയിൽ അനിയത്തിപ്രാവിലൂടെ നായികയായി ശാലിനി നടത്തിയത് ശക്തമായ തിരിച്ചുവരവായിരുന്നു. സിനിമ വൻ വിജയമായതോടെ തമിഴ് പതിപ്പായ കാതല്ക്ക് മര്യാദയിലും ശാലിനി തന്നെ നായികയായി. തമിഴിൽ വിജയ് ആയിരുന്നു കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച സുധിയായി എത്തിയത്. പിന്നീടങ്ങോട്ട് വിജയ ചിത്രങ്ങളിലെ നായികയായി ശാലിനി തിളങ്ങി.
നക്ഷത്രത്താരാട്ടിലെ ഹേമയും സുന്ദര കില്ലാഡിയിലെ ദേവയാനിയും കളിയൂഞ്ഞാലിലെ അമ്മുവും നിറത്തിലെ സോനയും ശാലിനി വേഷപ്പകർച്ച നടത്തിയ കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ്. മാധവന്റെ നായികയായി അലൈ പായുതേ കൂടി റിലീസ് ആയതോടെ തമിഴിലെ സൂപ്പർ ഹിറ്റ് നായികയായി ശാലിനി. അന്ന് തമിഴിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നായകൻ അജിത്തിന്റെ നായികയായി അമർക്കളത്തിലെ മോഹന തമിഴ് പ്രേക്ഷകരുടെ മനസ്സിൽ മാത്രമല്ല, അജിത്തിന്റെ ഹൃദയത്തിലും ഇടം പിടിച്ചു. അവർ പ്രണയത്തിലായി. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും 2000 ത്തിൽ വിവാഹിതരാവുകയും ചെയ്തു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ വിജയക നായിക പട്ടത്തിന്റെ നെറുകയിൽ നിന്ന് ശാലിനി വിട്ടു നിന്നു.
പക്ഷെ, സിനിമയ്ക്ക് ആ കുടുംബത്തെ പിരിയാൻ കഴിയുമായിരുന്നില്ല. തൊണ്ണൂറുകളുടെ തുടക്കത്തിൽ അതേ കുടുംബത്തിൽ നിന്ന് ശാലിനിയുടെ സഹോദരി ശ്യാമിലിയും രണ്ടാമത്തെ വയസ്സിൽ സിനിമയിലെത്തിയിരുന്നു. തമിഴിലെ ഹിറ്റ് പടം അഞ്ജലിയിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കി ചേച്ചിയെ പോലെ അനിയത്തിയും സിനിമയിൽ വേരുറപ്പിച്ചു. കുഴൽ കിണറിൽ അകപ്പെട്ട കുട്ടിയുടെ ഭീകരാവസ്ഥയെ അതിശയകരമായി അവതരിപ്പിച്ചുകൊണ്ട് മലയാളത്തിൽ മാളൂട്ടിയായെത്തി കേരള സംസ്ഥാന പുരസ്‌കാരവും ശ്യാമിലി നേടി. ജയറാമിനും ഉർവശിയ്ക്കുമൊപ്പം, അല്ലെങ്കിൽ അതിലുമേറെ പ്രേക്ഷകർ ശ്രദ്ധിച്ചത് ശ്യാമിലിയെന്ന കൊച്ചു മിടുക്കിയെയാണ്. അവളുടെ മുഖത്ത് മിന്നി മറയുന്ന ഭവങ്ങളെയാണ്. എന്നാൽ തെലുങ്കിൽ ദൈവിക പരിവേഷമായിരുന്നു ശ്യാമിലിയുടെ സിനിമകള്‍ക്ക്. വരുമാന നികുതി അടയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് റെക്കോർഡ് ബുക്കിൽ വരെ ഇടം പിടിയ്ക്കുകയും ചെയ്തു ഈ കുട്ടിത്താരം. പിന്നീട് നീണ്ട ഇടവേള. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ‘ഹരികൃഷ്ണൻസിലൂടെ ‘ വീണ്ടുമൊരു തിരിച്ചു വരവ്.
ശ്യാമിലി തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒരുപിടി ചിത്രങ്ങൾ. ഒടുവിൽ സ്വന്തം കുടുംബത്തിലേക്ക് ശ്യാമിലി തിരിച്ചെത്തി. കുഞ്ചാക്കോ ബോബന്റെ നായികയായി വള്ളീം തെറ്റി പുള്ളീം തെറ്റിയിലൂടെ മലയാളത്തിന്റെയും നായികയായി. ചേച്ചിയും അനിയത്തിയും നായികയായി അരങ്ങേറ്റം കുറിച്ചത് ചാക്കോച്ചന്റെ ചിത്രത്തിലൂടെയായിരുന്നു എന്നതും ഒരു നിയോഗം. പക്ഷെ, ചേച്ചിയെ പോലെ നായികയായി തിളങ്ങാൻ അനിയത്തിക്ക് കഴിഞ്ഞില്ല. സിംഗപ്പൂരിലെ പഠനം പൂർത്തിയാക്കി ചായക്കൂട്ടുകളെ കൂട്ട് പിടിച്ച് ശ്യാമിലി ചിത്രകാരിയുടെ വേഷമണിഞ്ഞ് ഇപ്പോൾ സന്തോഷവതിയായി ജീവിക്കുന്നു.
സിനിമയുടെ രണ്ട് ബേബി താരങ്ങൾ. തരംഗം സൃഷ്‌ടിച്ച ബാല താരങ്ങൾ. ജീവിതത്തിന്റെ നല്ല പകുതിയും സിനിമയ്ക്കായി സമർപ്പിച്ചവർ. ഇന്നും ബാല താരങ്ങൾ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ ചോദിക്കുക ബേബി ശാലിനിയെയും ബേബി ശ്യാമിലിയെയും പോലെയാണോ എന്നാണ്. മാമാട്ടിക്കുട്ടിയെയും മാളൂട്ടിയെയും അങ്ങനെ മറക്കാൻ കഴിയുമോ മലയാളിയ്ക്ക് ??.