നടി മല്ലിക സുകുമാരൻ ഇന്ന് തന്റെ 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമായിരുന്നു താരത്തിന്റെ സപ്തതി ആഘോഷം. ഈ അവസരത്തിൽ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.
“കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് ജന്മദിനാശംസകൾ, എക്കാലവും അമ്മ 16- കാരിയായി തുടരട്ടെ” എന്നാണ് പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിൽ കുറിച്ചത്. അമ്മയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ ഇന്ദ്രജിത്തും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
മല്ലികയുടെ പിറന്നാൾ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. എല്ലാ കുടുംബാംഗങ്ങളോടുമൊപ്പം പിറന്നാൾ ആഘോഷിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും ചർമ്മം കണ്ടാൽ 70 വയസായതായി തോന്നില്ലെന്നുമാണ് നിരവധി പേർ കമന്റ് ചെയ്യുന്നത്.
1974-ൽ ജി അരവിന്ദൻ്റെ ഉത്തരായനത്തിലൂടെയാണ് മല്ലിക സുകുമാരൻ മലയാള സിനിമയിലെത്തുന്നത്. അതേവർഷം പുറത്തിറങ്ങിയ സ്വപ്നാടനത്തിലൂടെ സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. പിന്നീടിങ്ങോട്ട് കന്യാകുമാരി, രാഗം, മദനോത്സവം, തൃഷ്‌ണ, മേഘസന്ദേശം, സ്ഥിതി, അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, ഇവർ വിവാഹിതരായാൽ, ടമാർ പടാർ, പഞ്ചവർണതത്ത, ബ്രോ ഡാഡി തുടങ്ങിയ 90 ഓളം ചിത്രങ്ങളിൽ മല്ലിക വേഷമിട്ടിട്ടുണ്ട്.