‘ആടുജീവിതം’ ഇന്ന് തിയേറ്ററിലെത്തുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. ‘ആടുജീവിതം’ എന്ന സിനിമ തന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണെന്നാണ് മല്ലിക കുറിച്ചത്. തന്റെ മകനിലൂടെ നിങ്ങൾ നജീബിനെ കാണണമെന്നും മല്ലിക പ്രേക്ഷകരോട് ആവശ്യപ്പെട്ടു. മകനേക്കുറിച്ച് അഭിമാനത്തോടെയും സ്നേഹത്തോടെയും സംസാരിച്ച മല്ലികയുടെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
“ആടുജീവിതം എന്ന സിനിമ ലോകമെമ്പാടും പ്രദർശനത്തിന് എത്തുകയാണ്. നല്ല കഥകൾ സിനിമയായി വരുമ്പോൾ അവയെ നിറഞ്ഞ സന്തോഷത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർ എന്നെയും എന്റെ മക്കളെയും എന്നും മനസ്സാലെ അംഗീകരിച്ചിട്ടുള്ള അഭ്യുദയകാംക്ഷികളോട് ഒന്നേ പറയാനുള്ളു… എന്റെ മകനിലൂടെ നിങ്ങൾ നജീബിനെ കാണണം. ആടുജീവിതം എന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണ്….പ്രാർത്ഥനയോടെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു” എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.
മരുഭൂമിയിൽ വർഷങ്ങളോളം യാതനയനുഭവിച്ച നജീവ് എന്ന പ്രവാസിയുടെ ജീവിതം ഇന്ന് തിയേറ്ററിലെത്തുമ്പോൾ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയിലാണ്. ചിത്രവുമായി ബന്ധപ്പെട്ട് 16 വർഷത്തെ പ്രവർത്തനങ്ങളാണ് ഇന്ന് പൂവണിഞ്ഞത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. പൃഥ്വിരാജ് എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.