ചലച്ചിത്ര നടൻ പൂജപ്പുര രവി എന്ന രവീന്ദ്രൻ നായർ (84)അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് മറയൂരിലെ മകളുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ 11.30ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹാസ്യനടനായും സ്വഭാവനടനായുമെല്ലാം ദീർഘകാലം മലയാളസിനിമയിൽ അദ്ദേഹം നിറഞ്ഞ് നിന്നു. ‘കള്ളൻ കപ്പലിൽതന്നെ’, ‘റൗഡി രാമു’, ‘കടത്തനാടൻ അമ്പാടി’, ‘മഞ്ചാടിക്കുരു’, ‘ഓർമകൾ മരിക്കുമോ?’, ‘അമ്മിണി അമ്മാവൻ’, ‘മുത്താരംകുന്ന് പിഒ’, ‘പൂച്ചയ്ക്കൊരു മൂക്കുത്തി’, ‘ആനയ്ക്കൊരുമ്മ’, ‘നന്ദി വീണ്ടും വരിക’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘ലൗ ഇൻ സിംഗപ്പൂർ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 2016ൽ പുറത്തിറങ്ങിയ ‘ഗപ്പി’ ആണ് അവസാനമായി അഭിനയിച്ച ചിത്രം.