തിരുവനന്തപുരത്തെ സ്വന്തം നാടായ പൂജപ്പുരയ്ക്ക് തന്നോളം പ്രശസ്തി നേടിക്കൊടുത്ത നടൻ. അഞ്ച് പതിറ്റാണ്ടോളം നാടക വേദികളിലും സിനിമകളിലുമായി അഭിനയജീവിതം നയിച്ച അനശ്വരനായ സാക്ഷാൽ പൂജപ്പുര രവി അരങ്ങൊഴിഞ്ഞിരിക്കുന്നു. ജീവിതം ശതാഭിഷേകത്തിന്റെ നിറവിലേക്ക് അടുത്തപ്പോൾ അക്കാലമത്രയും ജീവിച്ച പൂജപ്പുരയോടും അനന്തപുരിയോടും യാത്ര പറഞ്ഞ് കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹം മറയൂരിലുള്ള മകൾ ലക്ഷ്മിയുടെ അടുത്തേക്ക് താമസം മാറിയത്. ഒടുവിൽ, ജീവിതത്തോട് വിടപറഞ്ഞതും മറയൂരിൽ വച്ച് തന്നെ.
പൂജപ്പുരയിലെ ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കേ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കമായിരുന്നു. പിന്നീട് ആകാശവാണിയിലെ ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായും രവി കലാമേഖലയിൽ തന്നെ സാന്നിധ്യം അറിയിച്ചു.
പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ലഭിച്ചു. അധ്യാപകർ ഉൾപ്പെടെയുള്ളവരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയമാണ് തന്റെ വഴിയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് ഒരുപാട് നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിക്കാൻ സാധിച്ചതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി.
വേലുത്തമ്പി ദളവ ഉൾപ്പെടെ ഏതാനും സിനിമകളിൽ അദ്ദേഹം മുഖം കാണിച്ചു. എന്നാൽ പിന്നീട് സിനിമകളിൽ അവസരങ്ങൾ ലഭിക്കാതെ വന്നതോടെ ഗണേഷ് ഇലക്ട്രിക്കൽസ് എന്ന കമ്പനിയിൽ ജോലിക്കാരനായി ചേർന്നു. എന്നാൽ നാടകങ്ങൾ അദ്ദേഹത്തെ കൈവിടാൻ തയ്യാറായിരുന്നില്ല. ജഗതി എൻ.കെ. ആചാരിയുടെ നിർദേശപ്രകാരം അദ്ദേഹം തിരികെ തിരുവനന്തപുരത്ത് എത്തി കലാനിലയം നാടകവേദിയിൽ നടനായി ജീവിതം തുടർന്നു. അവിടെ വച്ചാണ് കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് പൂജപ്പുര രവി എന്നാക്കി മാറ്റിയത്. അങ്ങനെ എം. രവീന്ദ്രൻ നായർ പൂജപ്പുര രവിയായി മാറി. ഭാര്യ പരേതയായ തങ്കമ്മയും കലാനിലയത്തിൽ നടി ആയിരുന്നു. പിന്നീട് ഹാസ്യ വേഷങ്ങളിൽ തിളങ്ങിയ രവി കലാനിലയത്തിന്റെ അവിഭാജ്യ ഘടകമായി മാറി. ‘കായംകുളം കൊച്ചുണ്ണി’, ‘രക്തരക്ഷസ്’ എന്നീ നാടകങ്ങളിലെ വേഷങ്ങൾ രവിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു. അങ്ങനെ 10 വർഷത്തോളം കലാനിലയത്തിൽ നടനായി അദ്ദേഹം അഭിനയ ജീവിതം തുടർന്നു.
അങ്ങനെയിരിക്കെ, 1976ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അമ്മിണി അമ്മാവൻ’ എന്ന സിനിമയിൽ ശ്രദ്ധേയ ഒരു വേഷം അദ്ദേഹത്തെ തേടിയെത്തി. ഈ കഥാപാത്രം അവതരിപ്പിക്കാൻ സാധിച്ചതോടെ പിന്നീട് സിനിമയിൽ നിരവധി വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. സത്യൻ, പ്രേം നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ള വിവിധ തലമുറകൾക്കൊപ്പം ശ്രദ്ധേയമായാ നിരവധി വേഷങ്ങൾ ചെയ്തുകൊണ്ട് അദ്ദേഹം വെള്ളിത്തിരയിലെ നിറ സാന്നിധ്യമായി. നീണ്ട അൻപത് വർഷം മലയാള സിനിമയുടെ ഒഴിച്ചു കൂടാനാവാത്ത അവിഭാജ്യ ഘടകമായി അദ്ദേഹം മാറി.
പ്രിയദർശൻ, ജോഷി, സിബി മലയിൽ, കമൽ, വിനയൻ തുടങ്ങി മലയാളത്തിലെ എല്ലാ പ്രമുഖ സംവിധായകരുടെയും ആദ്യ ചിത്രങ്ങളിൽ അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതേസമയം സിനിമയിൽ അവതരിപ്പിച്ചവയിൽ പകുതിയിൽ അധികവും ‘പട്ടർ’ കഥാപാത്രങ്ങളായിരുന്നു എന്നത് പൂജപ്പുര രവിക്ക് മാത്രം അവകാശപ്പെടാവുന്ന അപൂർവ സവിശേഷതയാണ്. എന്നാൽ പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ മിനിസ്ക്രീനിൽ ശ്രദ്ധ ചെലുത്തിയ അദ്ദേഹം നിരവധി ടി.വി. സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
ഒടുവിൽ, വാർദ്ധക്യം വഴി മുടക്കിയതോടെ ജനിച്ചു വളർന്ന നാടും വീടും വിട്ട് മകളുടെ കൂടെ മൂന്നാറിലെ മറയൂരിലേക്ക്. അവശതകൾ തളർത്തിയ വിശ്രമ ജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ അഭിനയ മോഹത്തിന് കോട്ടം തട്ടിയിരുന്നില്ല. സിനിമാ ഓർമ്മകൾ പങ്കുവച്ചുകൊണ്ട് ചില ഇന്റർവ്യൂകളിൽ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. നർമത്തിൽ ചാലിച്ച സംഭാക്ഷണങ്ങൾക്കൊണ്ടും വികാരനിർഭരമായ അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും വെള്ളിത്തിരയിൽ വിസ്മയിപ്പിക്കാൻ ഇനി പൂജപ്പുര രവി ഇല്ല. മലയാള സിനിമയുടെ മറ്റൊരു കാരണവർക്ക് കൂടി കലാലോകം വിട ചൊല്ലുകയാണ്. പ്രണാമം…