മലയാള സിനിമയ്ക്ക് ഇപ്പോൾ നല്ല കാലമാണെന്ന് പറഞ്ഞാൽ അതിൽ ഒരു തെറ്റുമില്ല. കാരണം കുറച്ച് കാലമായി റിലീസ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തിയേറ്ററിൽ കോടികളാണ് വാരുന്നത്. തുടർച്ചയായി വമ്പൻ ഹിറ്റുകൾ സൃഷ്ടിക്കുന്ന മലയാളം സിനിമകൾ അന്യഭാഷകളിലും ഇപ്പോൾ തരംഗം തന്നെയാണ്. അത്തരത്തിൽ കോടികൾ നേടി മുന്നേറുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തിയ ‘മലയാളി ഫ്രം ഇന്ത്യ’.
മെയ് 1ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ തിയേറ്ററിൽ 8.26 കോടി രൂപയാണ് നേടിയത്. സിനിമയുടെ ആഗോള കളക്ഷനാണിത്. റിലീസ് ദിനത്തിലെ രാത്രിയിൽ നൂറിലധികം എക്സ്ട്രാ ഷോകൾ നടത്തി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് മലയാളി ഫ്രം ഇന്ത്യ. സിനിമയിലെ തന്നെ ‘മലയാളി പൊളിയാടാ’ എന്ന ഡയലോഗ് അന്വർത്ഥമാക്കുന്നതാണ് ചിത്രത്തിന്റെ വിജയം. ചിത്രം അധികം വൈകാതെ പല കളക്ഷൻ റെക്കോർഡുകളും തകർക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.
ഒരു മുഴുനീള എൻ്റർടെയ്‌നറാണ് സിനിമയെന്നാണ് പ്രേക്ഷകരുടെ ഒന്നായ അഭിപ്രായം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്റ്റീഫനാണ് നിർമ്മിച്ചിരിക്കുന്നത്. ജനഗണമനയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്‌റ്റിൻ സ്‌റ്റീഫനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മലയാളി ഫ്രം ഇന്ത്യ.