മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം കൂടി. സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ‘സാഹിത്യകാരന്‍മാരുടെ സംവിധായകന്‍’ എന്നാണ് ഹരികുമാർ അറിയപ്പെട്ടിരുന്നത്. പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എം.ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍ തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സിനിമയാക്കി വെള്ളിത്തിരയിലെത്തച്ച് കയ്യടികൾ വാരി കൂട്ടിയ അപൂർവം ചില സംവിധായകന്മാരിൽ ഒരാൾ. വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യമുള്ള സിനിമകള്‍ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കിയ ഹരികുമാർ സിനിമലോകത്തോട് വിട പറഞ്ഞിരിക്കുന്നു.
1981 ല്‍ പുറത്തിറങ്ങിയ ‘ആമ്പല്‍പൂവ്’ സംവിധാനം ചെയ്തുകൊണ്ടായിരുന്നു സിനിമയിലേക്കുള്ള ഹരികുമാറിന്റെ അരങ്ങേറ്റം. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിന്നീട് 1994ല്‍ എം. ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത ‘സുകൃതം’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടിയും ഗൗതമിയും തകർത്തഭിനയിച്ച ‘സുകൃതം ആ വർഷത്തെ ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്‌കാരം നേടുകയും ചെയ്തു. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ജാലകം’, ‘ഊഴം’,’അയനം’, ‘ഉദ്യാനപാലകന്‍’,’സ്വയംവരപ്പന്തല്‍’, ‘എഴുന്നള്ളത്ത്’തുടങ്ങി പതിനാറോളം സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യാണ് ഹരികുമാർ അവസാനം സംവിധാനം ചെയ്ത ചിത്രം. വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്ത സംവിധായകന് മലയാള സിനിമ വിടചൊല്ലുന്നു, ആദരാഞ്ജലികൾ.