തിയറ്റർ ഉടമകളുടെ സംഘടന സിനിമാവിതരണരംഗത്തേക്ക് കടക്കുന്നു. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആണ് വിതരണ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. സംഘടനയുടെ ചെയർമാൻ കൂടിയായ നടൻ ദിലീപ് നായകനായെത്തുന്ന ‘പവി കെയർടേക്കർ’ എന്ന സിനിമ ഏപ്രിൽ 26-ന് തിയറ്ററുകളിലെത്തിച്ചുകൊണ്ടാണ് ഫിയോക്കിന്റെ വിതരണ രംഗത്തേക്കുള്ള തുടക്കം കുറിയ്ക്കുന്നത്. മണിയൻ പിള്ള രാജു നിർമിച്ച ചിത്രവും ഫിയോക് വിതരണത്തിനെടുത്തിട്ടുണ്ട്. മേയ് 17-നാണ് ഈ ചിത്രം റിലീസ് ചെയ്യുക.
പ്രൊഡ്യൂസർമാരുടെയും വിതരണക്കാരുടെയുമെല്ലാം സംഘടനയിൽ അംഗമായ ദിലീപ് തന്റെ സിനിമ ഫിയോക് റിലീസ് ചെയ്യണമെന്ന അഭ്യർഥന മുന്നോട്ടുവച്ചിരുന്നു. അത് അംഗീകരിക്കുകയായിരുന്നു എന്നും സംഘടനാ നേതൃത്വം പറഞ്ഞു. അതേസമയം, ഫിയോകിന് കീഴിലുള്ള തിേയറ്ററുകളിൽ മാത്രമല്ല, എക്സിബിറ്റേഴ്സ് ഫെഡറേഷന്റെയും കെ.എസ്.എഫ്.ഡി.സി.യുടെയും തിേയറ്ററുകൾക്കും ചിത്രങ്ങൾ നൽകും.
അന്യഭാഷാ ചിത്രങ്ങളും താമസിയാതെ വിതരണത്തിനെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും അടുത്തിടെ ഫിയോക് നേതൃത്വം തർക്കത്തിൽ ഏർപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ പേരിലല്ല സിനിമാവിതരണത്തിലേക്ക് കടക്കുന്നതെന്ന് ഫിയോക് ഭാരവാഹികൾ അറിയിച്ചു.