സംഗീതസംവിധായകൻ ഇളയരാജയുടെ പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്കോ റെക്കോർഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപ്പീൽ ഹർജി പരിഗണിക്കുന്നതിൽ നിന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആർ സുബ്രഹ്മണ്യൻ പിന്മാറി.
അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട സിവിൽ സ്യൂട്ടിൽ താൻ നേരത്തെ ഹാജരായിട്ടുണ്ടെന്നും അതിനാൽ അപ്പീലിൽ വാദം
കേൾക്കാൻ തയ്യാറല്ലെന്നും ജസ്റ്റിസ് സുബ്രഹ്മണ്യൻ പറഞ്ഞു. ഇളയരാജയുടെ സംഗീത സംവിധാനത്തിലൊരുങ്ങിയ 4500-ലധികം ഗാനങ്ങൾക്ക് അദ്ദേഹത്തിന് മാത്രം പ്രത്യേക അവകാശം നൽകിയ 2019-ലെ ഏകാംഗ ബെഞ്ച് ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ. എക്കൊ റെക്കോഡിങ് കമ്പനിയാണ് അപ്പീൽ സമർപ്പിച്ചത്.
കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുബ്രഹ്മണ്യം പിന്മാറിയത്. ഇതോടെ കേസ് മറ്റൊരു ബെഞ്ചിന് നൽകുന്നതിന് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.2014-ൽ ആഗി മ്യൂസിക്, എക്കൊ റെക്കോഡിങ് കമ്പനി, ആന്ധ്രയിലെ യൂണിസിസ് ഇഫൊ സൊലൂഷൻ കമ്പനി, മുംബൈയിലെ ഗിരി ട്രേഡിങ് കമ്പനി എന്നിവർക്കെതിരായി ഇളയരാജ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി പ്രത്യേക ഉത്തരവിറക്കിയത്. തന്റെ അനുമതിയില്ലാതെ സ്വന്തം പാട്ടുകൾ ഉപയോഗിച്ച് ലാഭം ഉണ്ടാക്കുന്നുവെന്നും ഇതിൽ നിന്ന് കമ്പനികളെ തടയണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു. 1957-ലെ പകർപ്പവകാശ നിയമത്തിലെ 57-ാം വകുപ്പു പ്രകാരം ഭാഗികമായോ പൂർണമായോ കൈമാറിയ പാട്ടുകൾക്ക് മുകളിൽ അവകാശം സ്ഥാപിക്കാൻ സംഗീത സംവിധായകർക്ക് സാധിക്കുമെന്നായിരുന്നു ജസ്റ്റിസ് സുമന്തിന്റെ സിംഗിൾ ബെഞ്ച് 2019-ൽ നിരീക്ഷിച്ചത്.