സന്തോഷകരമായ പുതിയ ജീവിതത്തിലേയ്ക്ക് കടന്നതിന് പിന്നാലെ മറ്റൊരു സന്തോഷംകൂടി പങ്കിട്ട് പ്രിയ നടി ലെന. താരത്തിന്റെ പിറന്നാളിന് ഭർത്താവൊരുക്കിയ ആഘോഷങ്ങൾക്ക് നന്ദി പറയുകയാണ് ലെന. അതിമനോഹരമായ ബൊക്ക നൽകിയാണ് പ്രശാന്ത് ലെനയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചത്. വിവാഹശേഷമുള്ള ആദ്യ പിറന്നാൾ ഇരുവരും ആഘോഷമാക്കുകയും ചെയ്തു.
“നന്ദി എൻ്റെ പ്രണയമേ, ഈ മനോഹരമായ പുതിയ ജീവിതം സമ്മാനിച്ചതിന് എൻ്റെ ആൾക്ക് നന്ദി” എന്ന കുറിപ്പോടെ റോസ് ബൊക്കയും പിടിച്ച് നിൽക്കുന്ന തൻ്റെ ഫോട്ടോയാണ് ലെന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ബർത്ത് ഡേ, പ്രണയം, പുതിയ ജീവിതം എന്നൊക്കെയാണ് പോസ്റ്റിന് താരം ഹാഷ് ടാഗുകൾ നൽകിയിരിക്കുന്നത്. ഇതോടെ നിരവധി പേരാണ് ലെനയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ട് എത്തിയത്. പിറന്നാൾ ദിനത്തിൽ തന്റെ പങ്കാളിയെക്കുറിച്ചുള്ള ലെനയുടെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. ഇന്നലെയായിരുന്നു താരത്തിന്റെ പിറന്നാൾ.
ഇന്ത്യൻ എയർഫോഴ്സിലെ ഫൈറ്റർ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ലെനയും ജനുവരി 17-നാണ് വിവാഹിതരായത്. എങ്കിലും താരം പുറംലോകത്തിൽ നിന്നും തന്റെ വിവാഹ വാർത്ത മറച്ചുവെക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലെന താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയത്. പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണ് ഇക്കാര്യം മറച്ചുവെച്ചതെന്നും താരം വെളിപ്പെടുത്തിയിരുന്നു.