മലയാളത്തിന്റെ പ്രിയ നടൻ ലാലു അലക്സിന്റെ മകൾ സിയ വിവാഹിതയായി. ടോബിയാണ് വരൻ. ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും മാത്രം ഉൾപ്പെടുത്തി ക്നാനായ ചടങ്ങുകൾ പ്രകാരമായിരുന്നു വിവാഹം നടന്നത്. ക്നാനായ വിവാഹചടങ്ങുകളുടെ ഭാഗമായ നട വിളിയോടെ ആഘോഷപൂർവ്വമാണ് വിവാഹം നടന്നത്. വധൂവരന്മാരെ ഡാൻസ് കളിച്ച് വേദിയിലേക്ക് ആനയിക്കുന്ന ലാലു അലക്സിന്റെ വീഡിയോ ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്.
വില്ലനായും സഹനടനായും ഹാസ്യ താരമായും സ്വഭാവ നടനായുമൊക്കെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവർന്ന അഭിനേതാവാണ് ലാലു അലക്സ്. 45 വർഷമായി സിനിമ രംഗത്ത് നിറഞ്ഞുനിൽക്കുന്ന ലാലു 250-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ബ്രോ ഡാഡിയിലൂടെയാണ് ലാലു അലക്സ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ലാലു അലക്സിന്റെയും ഭാര്യ ബെറ്റിയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ് സിയ. ബെൻ, സെൻ എന്നിവരാണ് മറ്റു മക്കൾ.