കാർത്തുമ്പിയും മാണിക്യനും, ഡോ. സണ്ണിയും ഗംഗയും, ഉണ്ണികൃഷ്ണനും മീരയും, ബോബിയും നീനയും… മോഹൻലാൽ-ശോഭന താരജോഡികളുടെ ചിത്രങ്ങളും കഥാപാത്രങ്ങളും മലയാളിയ്ക്ക് കാണാപ്പാഠമാണ്. 55 ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഈ താരജോഡികൾ വർഷങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും ഒരുമിച്ച് ബിഗ് സ്ക്രീനിലെത്തുന്നു.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. മോഹൻലാലിന്റെ 360-ാം സിനിമകൂടിയായ എൽ-360 യുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. പുതിയ സിനിമയ്ക്ക് എല്ലാവരുടേയും അനുഗ്രഹം തേടിക്കൊണ്ടാണ് പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. 1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ-ശോഭന ജോഡി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. വീണ്ടും ഈ താരജോഡി ഒന്നിച്ചെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.