മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരസാന്നിധ്യമാണ് സഹോദരിമാരായ കലാരഞ്ജിനിയും കല്പനയും ഉർവശിയും. ഇവരിൽ കല്പന കാലയവനികയിൽ മറഞ്ഞെങ്കിലും മൂവരുടെയും സിനിമകൾ ചലച്ചിത്ര ആസ്വാദകർക്ക് മറക്കാനാകില്ല. മൂവരുടെയും കുടുംബവിശേഷങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകർ അറിയുന്നുമുണ്ട്. ഇപ്പോൾ കല്പനയുടെ മകൾ ശ്രീമയിയുടെയും ഉർവശിയുടെ മകൾ തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റയുടെയും ചിത്രമാണ് വൈറലാകുന്നത്.
കുഞ്ഞാറ്റയാണ് ശ്രീമയിക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടിരിക്കുന്നത്. സഹോദരിമാരായ അമ്മമാരുടെ മക്കൾ ഒത്തുചേർന്നപ്പോൾ സാമൂഹ്യമാധ്യമങ്ങൾ ആ കാഴ്ച ആഘോഷിക്കുകയാണ്. അമ്മമാരേപ്പോലെയാണ് ഇരുവരെയും കാണാനെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കൂടാതെ കല്പനയേയും ഉർവശിയേയും പോലെ രണ്ടുപേരും സിനിമയിലേയ്ക്ക് കടന്നുവരൂ എന്നും കമന്റുകൾ നിറയുന്നുണ്ട്.
വിദേശത്ത് പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ നാട്ടിൽ അവധി ആഘോഷിക്കുകയാണ്. മിക്കപ്പോഴും തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുമുണ്ട് കുഞ്ഞാറ്റ. അതേസമയം കൽപനയുടെ മകൾ ശ്രീമയി സിനിമയിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ്. നടനായ ജയൻ ചേർത്തല ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലൂടെയാണ് ശ്രീമയി അഭിനയരംഗത്തേയ്ക്ക് കടക്കുന്നത്. ചിത്രത്തിൽ ഉർവശിയും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.