മരുഭൂമിയിലെ അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം തിയേറ്ററിൽ കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം കണ്ടവർക്ക് ആർക്കും മറക്കാൻ സാധിക്കാത്തതാണ് നടൻ കെ.ആർ ഗോകുൽ അവതരിപ്പിച്ച ഹക്കീം എന്ന കഥാപാത്രം. ഇപ്പോൾ കഥാപാത്രത്തിന് വേണ്ടി ശരീരം മെലിയിച്ച ഗോകുൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയാണ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ആരെയും ഞെട്ടിക്കുന്ന ഒരു മേക്കോവർ തന്നെയാണ് താരം നടത്തിയിരിക്കുന്നത്. എല്ലും തോലുമായ ഒരു രൂപം മാത്രമായാണ് ഗോകുലിനെ ചിത്രത്തിൽ കാണാൻ സാധിക്കുക. കഥാപാത്രത്തിനായി അത്രമേൽ ശരീരം പാകപ്പെടുത്തിയ താരം ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ലിനോടുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഇങ്ങനെയൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
‘ആടുജീവിതത്തിലെ ഹക്കീം ആകാൻ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്ലിന്റെ ആത്മസമർപ്പണമാണ്. 2004-ൽ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയാണ് കുറച്ചത്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിൻ്റെ ആരാധകനെന്ന നിലയിൽ അദ്ദേഹത്തിൻ്റെ കഴിവിനും കലാസൃഷ്ടിക്കും ഞാൻ ഇത് സമർപ്പിക്കുന്നു’ എന്നാണ് ഗോകുൽ കുറിച്ചത്.
കഥാപാത്രത്തിന് വേണ്ടി ഗോകുൽ നടത്തിയ കഠിനാധ്വാനത്തെ എല്ലാവരും കയ്യടിച്ചാണ് പ്രശംസിക്കുന്നത്. ചിത്രത്തിനായി കഠിനമായ ഡയറ്റാണ് ഗോകുൽ നടത്തിയത്. ഭക്ഷണം കഴിക്കാതെ പോലും ദിവസങ്ങളോളം കഴിഞ്ഞെന്ന് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ, ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് 15 ദിവസം ശേഷിക്കെ ആദ്യത്തെ മൂന്ന് ദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചാണ് കഴിഞ്ഞതെന്നും ഗോകുൽ പറഞ്ഞിരുന്നു. എന്തായാലും താരം നടത്തിയ കഠിനാധ്വാനത്തിന് ഫലമുണ്ടായല്ലോ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.