ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും അഭിനേത്രി അനുഷ്ക ശർമയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. കോലി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് ആൺകുഞ്ഞ് പിറന്നു വിവരം അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിൻ്റെ പേരെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോലി തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമികയ്ക്ക് ഇപ്പോൾ 3 വയസാണ് പ്രായം. 2021 ജനുവരിയിലായിരുന്നു വാമിക ജനിച്ചത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് കുടുംബപരമായ കാര്യങ്ങളെ തുടർന്ന് കോലി അവധിയെടുത്തിരുന്നു. ആദ്യം രണ്ട് ടെസ്റ്റുകളിൽ നിന്ന് മാറിനിന്ന താരം പിന്നീട് പരമ്പരയിൽ നിന്ന് തന്നെ പിന്മാറുകയായിരുന്നു. ഈ മാസം 23നാണ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരം നടക്കുന്നത്.