സോഷ്യൽമീഡിയ ഉപയോഗിക്കുന്ന മലയാളികൾക്കെല്ലാം കിലി പോൾ സുപരിചിതനാണ്. ഏഴ് മില്യൺ കഴിഞ്ഞിരിക്കുന്നു കിലി പോളിന്റെ ഫോളോവേഴ്സിന്റെ എണ്ണം. ബോളിവുഡ് ഹിറ്റ് ഗാനങ്ങൾക്കൊപ്പം കൃത്യമായി ചുണ്ട് ചലിപ്പിച്ചും ചുവടുകൾ വെച്ചുമാണ് കിലി ഇന്ത്യൻ കാണികളുടെ ഹൃദയം കീഴടക്കിയത്. നിരവധി ഹിന്ദി ഗാനങ്ങളാണ് കിലി അതിഗംഭീരമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിട്ടുള്ളത്. കൂട്ടത്തിൽ മലയാളം സിനിമാ ഗാനങ്ങൾക്കും ചുണ്ട് ചലിപ്പിച്ചതോടെ നിരവധി മലയാളികളും കിലിയുടെ ആരാധകരായി മാറി. കിലിയുടെ സഹോദരി നീമ പോളും ഇയാളോട് ഒപ്പം വീഡിയോകൾ ചെയ്യാറുണ്ട്.
ടാൻസാനിയൻ പരാമ്പരാഗത വേഷത്തിലാണ് കിലി വീഡിയോ ചെയ്യാറുള്ളത്. ഏഴ് മില്യണിലധികം ഫോളോവേഴ്സുള്ള ഈ സോഷ്യൽമീഡിയ താരത്തിന്റെ ജീവിത കഥ അറിയാം.
പശു വളർത്തലും കൃഷിയും
ടാർസാനിയൻ സ്വദേശികളായ കിലിയുടെയും സഹോദരിയുടെയും ഉപജീവനമാർഗം പശു വളർത്തലും കൃഷിയുമായിരുന്നു. പണികൾ ചെയ്യുന്നതിനിടയിൽ ലഭിക്കുന്ന ഇടവേളയിലായിരുന്നു ഇരുവരും സോഷ്യൽ മീഡിയ ഉപയോഗിച്ച് തുടങ്ങിയത്. ടിക്-ടോക്കിലൂടെയാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ സജീവമായത്. പിന്നീട് വളർച്ച് ഇൻസ്റ്റഗ്രാമിലേക്കായി.
തുടക്കം ബോളിവുഡിൽ നിന്ന്
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൻ സ്വീകരണമാണ് കിലിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി ബോളിവുഡ് താരങ്ങളും വീഡിയോ ഷെയർ ചെയ്യാറുണ്ട്. ഹിന്ദി ഡൈലോഗുകൾക്ക് കൃത്യമായാണ് കിലി ചുണ്ടുകൾ ചലിപ്പിക്കുന്നത്.
ഇളയ ദളപതി വിജയുടെ ബീസ്റ്റ് സിനിമയിലെ ആക്ഷൻ സീനും കിലി അഭിനയിച്ചു പ്രതിഫലിച്ചിട്ടുണ്ട്. കിലി പോളും സഹോദരി നീമ പോളും ചേർന്ന് ചെയ്ത ഷേർഷ സിനിമയിലെ ‘രാതാൻ ലംബിയാൻ’ എന്ന ഗാനത്തിന്റെ വീഡിയോ വലിയ വൈറലായിരുന്നു. നടൻ സിദ്ധാർഥ് മൽഹോത്രയും കിയാരാ അദ്വാനിയും ഈ വീഡിയോ ഷെയർ ചെയ്തതോടെയാണ് ഇവർ സമൂഹ മാധ്യമത്തിലെ താരങ്ങളായത്. ആയുഷ് മാൻ ഖുറാന, ഗുൽ പനഗ്, റിച്ച ചന്ദാ തുടങ്ങിയ താരങ്ങളും ഇവരുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുന്നുണ്ട്.
വീട്ടിൽ കറന്റ് വന്ന വഴി
കിലിയുടെ കുടുംബം താമസിച്ചിരുന്നത് ഉൾപ്രദേശത്തായിരുന്നു. അവിടെ ഈ അടുത്ത കാലത്തും വൈദ്യുതി എത്തിയിരുന്നില്ല, ടിക്ടോക് ചെയ്തിരുന്ന കാലത്ത് ഫോൺ ബാറ്ററി ചാർജ് ചെയ്യാൻ കറന്റുള്ള വീട്ടിലേക്ക് ദിവസവും 20 കിലോമീറ്റർ നടക്കുമായിരുന്നു കിലി. പിന്നീടാണ് കിലിയുടെ വീട്ടിലും നാട്ടിലും വൈദ്യുതി എത്തിയത്.