വിവാദങ്ങൾ കൊഴുക്കുന്നതിനിടെ കേരളത്തിൽ നിന്ന് 32000 പെൺകുട്ടികളെ മതം മാറ്റി ഐഎസിൽ ചേർത്തുവെന്ന ഭാഗത്ത് മാറ്റം വരുത്തി ദി കേരള സ്റ്റോറിയുടെ അണിയറ പ്രവർത്തകർ. 32000 എന്നത് 3 ആക്കി മാറ്റി. ചിത്രത്തിന്റെ ട്രെയ്ലറിനൊപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വിവരണത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കഥ എന്നാണ് ട്രെയ്ലറിൻറെ തിരുത്തിയ ഡിസ്ക്രിപ്ഷൻ.കേരളത്തിൽനിന്ന് 32000 സ്ത്രീകൾ ഐഎസിൽ ചേർന്നു എന്ന് അർഥം വരുന്ന വിധത്തിലുള്ള പരാമർശം വൻ വിമർശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബിൽ തിരുത്തൽ വരുത്തിയത്.
അതിനിടെ സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ സുപ്രിം കോടതി തള്ളി. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് അപേക്ഷ നൽകിയത്. അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രിം കോടതി നിരാകരിച്ചു. എന്നാൽ പറഞ്ഞ കാര്യത്തിൽ മരണം വരെ ഉറച്ച് നിൽക്കുമെന്ന് കഴിഞ്ഞ ദിവസം സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ പറഞ്ഞിരുന്നു. 32000 പെൺകുട്ടികൾ മതം മാറി ഐഎസിൽ ചേർന്നുവെന്നും സിനിമയ്ക്കായി മാത്രം 6000 കേസുകളാണ് താൻ പഠനവിധേയമാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.