റിവ്യൂ ബോംബിങ് നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തണം. അവരെ കാണാമറയത്ത് നിർത്തുന്നത് തെറ്റാണ്. ബ്ലാക്ക് മെയിൽ ചെയ്യാനും ഭീഷണിപ്പെടുത്തി പണം വാങ്ങാനും അജ്ഞാത കേന്ദ്രങ്ങളിൽ നിന്നുള്ള സിനിമാ റിവ്യൂകൾ അവസരമൊരുക്കുമെന്നും ഹൈക്കോടതി വാക്കാൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് സിനിമകളുടെ കാര്യത്തിൽ മാത്രമല്ല, വ്യവസായ ലോകത്തും പ്രസക്തമാണ്. റിവ്യൂ ഇടുന്നയാളുടെ പേര് തീർച്ചയായും വേണം. അജ്ഞാതമായിരിക്കുക എന്നതാണ് ഇപ്പോൾ ഏറ്റവും വലിയ പ്രശ്നമെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം വ്യാജ ഐഡിയിൽ നിന്ന് അപകീർത്തികരമായ റിവ്യു ഉണ്ടാക്കുന്നവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും അമിക്കസ് ക്യൂറി ശ്യാം പത്മൻ വിശദീകരിച്ചു. വ്യാജ ഐഡിയിൽനിന്നുള്ള റിവ്യൂകളാണു പ്രശ്നമെന്ന് സർക്കാറും വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ
– റിവ്യുവറുടെ ചരിത്രം, വിശദാംശങ്ങൾ, സ്ഥിരത എന്നിവ പരിശോധിക്കണം.
– വ്യാജമല്ലാത്ത റിവ്യൂവർക്ക് കൃത്യമായ പ്രൊഫൈൽ, ചിത്രം, ബന്ധപ്പെടാനുള്ള നമ്പർ, യുസർ നെയിം എന്നിവ ഉണ്ടാകും. ഇവ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
– സിനിമകളെക്കുറിച്ചോ മറ്റു ഉൽപന്നങ്ങളെക്കുറിച്ചോ വൈവിധ്യമുള്ളതും സ്ഥിരതയുള്ളതുമായ വിശകലനം നടത്തിയിരിക്കുന്നവർ മിക്കവരും യഥാർഥത്തിലുള്ളവരായിരിക്കും. എന്നാൽ റിവ്യു ബോംബിങ് നടത്തുന്നവർ സിനിമ പോലും കാണാതെ ആയിരിക്കും റിവ്യു ചെയ്യുന്നത്.