കീരവാണി ഓസ്കാർ വേദിയിൽ ഓർമ്മയിൽ നിന്നു പങ്കുവച്ച പേരാണ് കാർപെൻ്റേർസ് എന്ന സംഗീത ബാൻ്റിൻ്റേത്. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ പോപ്പ് മ്യൂസിക് ബാൻഡ് ആണ് കാർപെൻ്റേർസ്. സഹോദരങ്ങളായ കാരൻ കാർപെൻ്റർ, റിച്ചാർഡ് കാർപെൻ്ററും ചേർന്ന് 1968ൽ രൂപീകരിച്ച ബാൻഡ്. ദി കാർപെൻ്റേർസ് എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും ഔദ്യോഗിക നാമം കാർപെൻ്റേഴ്സ് എന്നാണ്.
സോഫ്റ്റ് മ്യൂസിക്കിൽ പുതിയ വഴികൾ തേടിയ 14 വർഷത്തിലിറക്കിയ 10 ആൽബങ്ങളിൽ മിക്കതും ലോകം മുഴുവൻ ആവേശത്തോടെ ഏറ്റെടുത്തതാണ്. റെക്കോർഡ് തുകക്ക് വിറ്റു പോയിരുന്ന അവരുടെ പാട്ടുകൾ ഇന്നും സംഗീത ലോകത്തെ വിസ്മയിപ്പിക്കുന്നു. സ്വന്തം പാട്ടുകൾ കൂടാതെ ബീറ്റിൽസിൻ്റെ എവെരി ലിറ്റിൽ തിങ് പോലുള്ള പാട്ടുകളുടെ റീ കമ്പോസിങ്ങും നടത്തിയിട്ടുണ്ട്. ഗുഡ് ബൈ റ്റു ലവ്, ക്ലോസ് ടു യു പോലുള്ള തീവ്ര വിരഹവും പ്രണയവും പറയുന്ന അവരുടെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്.
ഓസ്കർ വേദിയിൽ കീരവാണി രാജമൗലിയെയും തന്നെ ഓസ്‌കാറിലേക്ക് എത്തിച്ചവരെയും ഓർത്തുകൊണ്ട് പാടിയ ആ മൂന്ന് വരികൾക്കും ഒരു പ്രത്യേകതയുണ്ട്. കാർപെൻ്റേഴ്സിൻ്റെ ടോപ് ഓഫ് ദി വേൾഡ് എന്ന ആൽബത്തിലെ ഗാനമാണ് സ്വന്തം വരികളിലേക്ക് മാറ്റി കീരവാണി പാടിയത്.
1983 ഫെബ്രുവരിയിൽ കാരൻ കാർപെൻ്ററിൻ്റെ അപ്രതീക്ഷിതമായ മരണത്തോടെയാണ് കാർപെൻ്റേഴ്സിൻ്റെ ശബ്ദം നിലയ്ക്കുന്നത്. ഒരു കാലത്ത് യുവതയുടെ ലഹരിയായിരുന്ന ആ ക്ലാസിക് സംഗീതത്തിനുള്ള ആദരവായിരുന്നു കീരവാണിയുടെ വാക്കുകൾ.