പണം വാരിക്കൂട്ടി മമ്മൂട്ടി ചിത്രമായ ‘കണ്ണൂർ സ്ക്വാഡ്’. റിലീസ് ചെയ്ത് 18 ദിവസത്തിനുള്ളിൽ 75 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. ഇതോടെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള സിനിമകളിൽ ഏഴാം സ്ഥാനത്തെത്തിയിരിക്കുകയാണ് കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ മൂന്നാം ആഴ്ചയിലും മികച്ച സ്വീകാര്യത നേടിയാണ് പ്രദർശനം തുടരുന്നത്.
ഭീഷ്മപർവത്തിനുശേഷം 75 കോടി നേടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്. കേരളത്തിൽ നിന്ന് 37 കോടിയിലേറെ ചിത്രം കലക്ട് ചെയ്തപ്പോൾ കേരളത്തിന് പുറത്ത് നിന്ന് ആറ് കോടിയോളം നേടി. മുന്നൂറിൽപരം തിയേറ്ററുകളിലാണ് ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. 2018, പുലിമുരുകൻ, ലൂസിഫർ, ഭീഷ്മപർവം, ആർഡിഎക്സ്, കുറുപ്പ് എന്നിവയാണ് മലയാള സിനിമയിലെ ഉയർന്ന കലക്ഷൻ നേടിയ മറ്റ് സിനിമകൾ.
സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് തിയറ്ററിൽ എത്തിയത്. ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ് കണ്ണൂർ സ്ക്വാഡ്.