അടിയന്തരാവസ്ഥ പ്രമേയമാക്കി നടി കങ്കണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ‘എമർജൻസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂൺ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ ചിത്രത്തിൽ എത്തുന്നത്. മലയാളി താരം വൈശാഖ് നായരും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. സഞ്ജയ് ഗാന്ധിയായാണ് വൈശാഖ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, സതീഷ് കൗശിക്, ശ്രേയസ് തൽപാഡെ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
ഛായാഗ്രാഹണം ടെറ്റ്സുവോ നഗാത്തയാണ് നിർവഹിക്കുന്നത്. റിതേഷ് ഷായാണ് ചിത്രത്തിന്റെ തിരക്കഥ. തന്വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജൻസി’യുടെ അഡിഷണല്‍ ഡയലോഗ്സ് തയാറാക്കിയിരിക്കുന്നത്. അതേസമയം കങ്കണ സ്വതന്ത്ര സംവിധായികയാകുന്ന ചിത്രം എന്ന പ്രത്യേകതയും ‘എമര്‍ജൻസി’ക്കുണ്ട്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം.
‘തേജസ്’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ കങ്കണ ചിത്രം. 2023 ഒക്ടോബർ 27ന് പുറത്തിറങ്ങിയ തേജസ് തിയറ്ററുകളിൽ പരാജയമായിരുന്നു. ‘തേജസ് ഗില്‍’ എന്ന ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ എത്തിയത്. 100 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ആദ്യ രണ്ട് ദിവസംകൊണ്ട് നേടിയത് വെറും 2.5 കോടി രൂപയാണ്. ഇതിന് മുമ്പ് നടിയുടെതായി പുറത്തിറങ്ങിയ ‘ചന്ദ്രമുഖി 2’ വും പരാജയമായിരുന്നു.