ബിരുദ പഠനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കിയാൽ അച്ചടക്ക ബോധമുണ്ടാകുമെന്ന് നടി കങ്കണ റണൗട്ട്. ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൈനികപരിശീലനം നിർബന്ധമാക്കിയാൽ മടിയും ഉത്തരവാദിത്വമില്ലായ്മയുമുള്ള ജനങ്ങളിൽ നിന്ന് നമുക്ക് മോചിതരാവാമെന്ന് കങ്കണ പറഞ്ഞു. തേജസ് എന്ന തന്റെ പുതിയ ചിത്രത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
ജനങ്ങളിൽ അച്ചടക്കബോധം വളർത്തുന്നതിന് ചെയ്യാവുന്ന ഏറ്റവും മികച്ച മാർഗമാണ് സൈനിക പരിശീലനം. എതിർപക്ഷത്ത് നിൽക്കുന്ന രാജ്യങ്ങളിലെ താരങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്ന ബോളിവുഡ് താരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കങ്കണ വിമർശിച്ചു. രാജ്യങ്ങളോടുള്ള ശത്രുത സൈനികന് മാത്രമുള്ളതാണോ എന്ന് ചോദിച്ച് ഇത്തരത്തിൽ പെരുമാറുന്ന ബോളിവുഡ് സെലിബ്രിറ്റികളെയും ക്രിക്കറ്റ് താരങ്ങളെയും സൈനികർ ചോദ്യം ചെയ്യുന്നത് താൻ പലപ്പോഴും കേട്ടിട്ടുണ്ടെന്നും കങ്കണ വ്യക്തമാക്കി.
ഇതിനാണ് ഞങ്ങൾ തേജസ് നിർമ്മിച്ചത്. അതിർത്തിയിൽ പോരാടുമ്പോൾ തനിക്ക് പിന്നിൽ നിന്ന് ജനങ്ങൾ സംസാരിക്കുന്നത് ഒരു സൈനികന് എങ്ങനെ അനുഭവപ്പെടുന്നുവെന്നാണ് തേജസ് എന്ന ചിത്രം പറയുന്നത്. എയർഫോഴ്സ് പൈലറ്റിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് തേജസ്. സർവേഷ് മേവാരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 27-ന് ചിത്രം തിയേറ്ററുകളിലെത്തും.