ഉലകനായകൻ കമൽഹാസന്റെ 69-ാം ജന്മദിനത്തിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘തഗ് ലൈഫ്’ എന്നാണ് ചിത്രത്തിന്റെ പേര്. മൂന്നര പതിറ്റാണ്ടിന് ശേഷം കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. 1987-ൽ പുറത്തിറങ്ങിയ ‘നായകൻ’ ആണ് കമൽഹാസൻ-മണിരത്നം കൂട്ടുകെട്ടിലെ അവസാന ചിത്രം.
ജാപ്പനീസ് ആയോധനകലകളിൽ അഗ്രഗണ്യനായ ഗ്യാങ്റ്റർ ഗെറ്റപ്പിലാണ് കമൽ ഈ ചിത്രത്തിലെത്തുന്നത്. രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ, ജയം രവി, തൃഷ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഒ കെ കൺമണിയ്ക്ക് ശേഷം ദുൽഖർ അഭിനയിക്കുന്ന മണിരത്നം ചിത്രം കൂടിയാണിത്.