പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി പ്രഭാസ്-നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’ തേരോട്ടം തുടരുന്നു. പ്രദർശനം ആരംഭിച്ച് രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം 1,000 കോടി ക്ലബ്ബിലേയ്ക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്. ആദ്യവാരത്തിൽ 800 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ.
600 കോടി ബജറ്റുള്ള ചിത്രത്തിൽ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്ന ബെൻ, പശുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. കേരളത്തിൽ നിന്നും മാത്രം ചിത്രം ഇതിനോടകം നേടിയത് 20 കോടിയാണ്. കേരളത്തിൽ നിലവിൽ 350 തിയേറ്ററുകളിലായാണ് കൽക്കി പ്രദർശിപ്പിക്കുന്നത്.
റിലീസ് ചെയ്ത് ആദ്യദിനം കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകളാണ് കൽക്കി തിരുത്തിയത്. നോർത്ത് അമേരിക്ക, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും സിനിമയ്ക്ക് ഗംഭീര റിപ്പോർട്ടാണ് ലഭിക്കുന്നത്. മികച്ച ദൃശ്യവിരുന്നും ഗംഭീര സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും ഹൈലൈറ്റ് ചെയ്ത് ഒരുക്കിയ ചിത്രം ജൂൺ 27-നാണ് തിയേറ്ററിലെത്തിയത്.