നടൻ കലാഭവൻ മണിയുടെ മരണത്തിനു പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ. മണിയുടെ രക്തത്തിൽ കണ്ടെത്തിയ മീഥൈൽ ആൽക്കഹോളിന്റെയും കീടനാശിനിയുടെയും സാന്നിധ്യമാണ് താരത്തിന്റെ മരണത്തിൽ ദുരൂഹത സൃഷ്ടിച്ചതും വിവാദങ്ങൾ ഉണ്ടായതും. പൊലീസിനെ ഏറെ കുഴപ്പിച്ച ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതും അതിന്റെ അന്വേഷണവഴികളും കേസന്വേഷണത്തിന് നേതൃത്വം നൽകിയ ടീമിലുണ്ടായിരുന്ന പി.എന്‍. ഉണ്ണിരാജൻ ഐപിഎസ് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. സഫാരി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പി.എന്‍. ഉണ്ണിരാജന്റെ തുറന്നു പറച്ചിൽ.
‘ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി മണിയുടെ പാഡി പല തവണ പരിശോധിച്ചിരുന്നു. പാഡിയുടെ പരിസരത്ത് കാണപ്പെട്ടിരുന്ന എല്ലാ വസ്തുക്കളും കണ്ടെടുക്കുകയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും കൂടാതെ തലേദിവസം മണിയെ കാണാൻ വന്നിരുന്ന സുഹൃത്തുക്കളായ ജാഫർ ഇടുക്കി, തരികിട സാബു തുടങ്ങിയവരെയും ഉൾപ്പെടുത്തി വിശദമായ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. മീഥൈൽ ആൽക്കഹോളിന്റെ അംശം രക്തത്തിൽ ഉണ്ട് എന്നാണ് മണിയുടെ രക്ത പരിശോധനാ റിപ്പോർട്ടിൽ തെളിഞ്ഞത്. സാധാരണ മദ്യപിക്കുമ്പോൾ ഈഥൈൽ ആൽക്കഹോളാണ് കാണാറുള്ളത്. മീഥൈൽ ആൽക്കഹോളിന്റെ അംശം ടർപന്റൈൻ അല്ലെങ്കിൽ പെയിന്റ് റിമൂവറിലാണ് കാണുക. ഇതിനെ സർജിക്കൽ സ്പിരിറ്റ് എന്നാണ് പറയുക എന്ന് അദ്ദേഹം പറഞ്ഞു.
‘മീഥൈൽ ആൽക്കഹോൾ കഴിക്കാൻ ഉപയോഗിക്കാത്ത പദാർത്ഥമാണ്. മീഥൈൽ ആൽക്കഹോളിൽ ഏകദേശം 90 ശതമാനവും ഈഥൈല്‍ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. 9.5 ശതമാനം ഈ പറയുന്ന മീഥൈലും 0.5 ശതമാനം പോയിസൺ സബ്സ്റ്റൻസും ഉണ്ട്. 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാമിൽ കൂടുതൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടെങ്കിൽ അത് അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ ഓരോരുത്തരും കഴിക്കുന്നത് ഈഥൈൽ ആൽക്കഹോളാണ്. എന്നാൽ വീട്ടിലോ പുറത്തോ ഒക്കെ ചാരായം വാറ്റുമ്പോൾ അതില്‍ പല വസ്തുക്കളും ചേർക്കാറുണ്ട്. അതിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മരണം സംഭവിക്കുന്നതിന് മുൻപുള്ള കാലത്ത് മണി ബീയർ മാത്രമേ കഴിക്കാറുഉണ്ടായിരുന്നുള്ളു. അടുത്തകാലത്ത് പുറത്തുനിന്നൊന്നും ചാരായം കുടിച്ചിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്. ഇതോടെ മീഥൈൽ ആൽക്കഹോളിന്റെ സാന്നിധ്യം മണിയിൽ എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി അന്വേഷിച്ച് കണ്ടുപിടിക്കേണ്ടത് പൊലീസിന് ബാധ്യതയായി. അതിനെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നപ്പോഴാണ് ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റാണ് മണിയെന്ന് അറിയാൻ കഴിഞ്ഞത്. ഡയബറ്റിസിനു വേണ്ടി കഴിക്കുന്ന ഒരു ടാബ്‍ലറ്റ് ഉണ്ട്. മണിക്ക് ഈ ടാബ്‍ലറ്റ് ഡോക്ടര്‍ വളരെ നേരത്തേ തന്നെ എഴുതി കൊടുത്തിട്ടുള്ളതാണ്. ഈ ടാബ്‌ലറ്റിനൊപ്പം മദ്യം കഴിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ ഇവ തമ്മിൽ രാസപ്രക്രിയ ഉണ്ടായി ശരീരത്തെ ദോഷകരമായി ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ബീയറിന്റെ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിന്റെ ഫലം കിട്ടിയപ്പോഴാണ് നേരത്തെ സൂചിപ്പിച്ച മീഥൈൽ ആൽക്കഹോളിന്റെ അംശം കാണുന്നത്. അതു വരെ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലായിരുന്നു ബീയറിൽ മെത്തലേറ്റഡ് സ്പിരിറ്റ് ഉണ്ടെന്നുള്ള കാര്യം.
അങ്ങനെ മണിയുടെ കാര്യത്തില്‍ സംഭവിച്ചത് ബീയർ കൂടുതൽ കഴിച്ചതുകൊണ്ടുണ്ടായ മീഥൈൽ ആൽക്കഹോളിന്റെ കണ്ടന്റ് കൂടിയതുകൊണ്ടുള്ള മരണമാണ് എന്ന് കണ്ടെത്തി. തനിക്ക് ലിവർ സിറോസിസ് ഉണ്ടെന്ന് അറിയാമായിരുന്നിട്ടും മണി ഇതിന് അഡിക്റ്റ് ആയതുകൊണ്ടാവാം അദ്ദേഹം കൂടുതലായി കഴിച്ചിരുന്നത് ബീയറായിരുന്നു. അത് അറിയാതെയാണെങ്കിലും മരണം വിലകൊടുത്തു മേടിക്കുന്നതിനു തുല്യമായിരുന്നു അത് – പി എൻ ഉണ്ണിരാജൻ ഐപിസ് പറഞ്ഞു.
എന്നാൽ അന്വേഷണമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ ഉണ്ടായിരുന്നതു കൊണ്ട് പിന്നീട് കേസന്വേഷിച്ചത് സിബിഐ ആയിരുന്നു. എന്നാൽ സിബിഐയും ഈ ഒരു കൺക്ലൂഷനിലേക്കാണ് അവസാനം എത്തിപ്പെട്ടത്. കാരണം കേരള പോലീസിന്റെ ഇൻവെസ്റ്റിഗേഷൻ വളരെ മെറ്റിക്കുലസ് ആയിരുന്നു. മണി എന്നു പറയുന്ന കലാകാരനോട് ഉണ്ടായിരുന്ന എല്ലാ പ്രതിബദ്ധതയും സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് മണിയുടെ മരണത്തിന്റെ കാരണം കണ്ടുപിടിക്കണം എന്നുള്ള ത്വരയോടു കൂടി തന്നെയാണ് പോലീസ് കേസ് അന്വേഷിച്ചത്. ചുരുക്കി പറഞ്ഞാൽ വിലകൊടുത്തു മേടിച്ച മരണം ആയിപ്പോയി നല്ലൊരു കലാകാരന് സംഭവിച്ചത് എന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും പി.എന്‍. ഉണ്ണിരാജൻ ഐപിഎസ് വ്യക്തമാക്കി.