ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന സൂപ്പർ താരമാണ് കജോൾ. നടൻ അജയ് ദേവ്ഗനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായ കജോൾ തന്റെ കുടുംബവിശേഷങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അജയ് ദേവ്ഗണുമായുള്ള പ്രണയത്തെ കുറിച്ച് ഹ്യൂമാൻ ഓഫ് ബോംബ്യ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് കജോൾ. അജയ് ദേവ്ഗണിനെ കണ്ടുമുട്ടുന്ന സമയത്ത് താൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്ന് താരം പറയുന്നു. അജയ്ക്കും മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇരുവരുടേയും ആ ബന്ധങ്ങൾ തകർന്നതോടെ കൂടുതൽ അടുത്തുവെന്നും കജോൾ പറയുന്നു.
അജയ്യെ കാണുമ്പോൾ ഞാൻ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അജയ്യും അതുപോലെ തന്നെയായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ചെയ്തു. അതിനു ശേഷമാണ് സൗഹൃദം തുടങ്ങിയത്. സെറ്റിൽ ഒരുപാട് നേരം ഒരുമിച്ച് ചെലവഴിച്ചു. ഇതിനിടയിൽ ഞങ്ങൾ രണ്ടുപേരും ബ്രേക്കപ്പ് ആയി. അതിന്റെ സങ്കടവും നിരാശയും വേദനയുമെല്ലാം ഒരുമിച്ച് പങ്കുവെച്ചു. അങ്ങനെ ഞങ്ങൾ കൂടുതൽ അടുത്തു. ദിൽവാലെ ദുൽഹനിയ ലേ ജായേങ്കേ എന്ന ചിത്രത്തിലെ സിമ്രാനെ പോലെയായിരുന്നില്ല എന്റെ പ്രണയം. ഒടുവിൽസൗഹൃദം പ്രണയത്തിലെത്തി’- കജോൾ പറയുന്നു.
കരിയറിൻറെ തുടക്കത്തിൽ നേരിട്ട പരിഹാസത്തെ കുറിച്ചും കാജോൾ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. ‘അവൾ കറുത്തവളാണ്. എപ്പോഴും കണ്ണട ഉപയോഗിക്കുന്നു. വണ്ണം കൂടിയ പെൺകുട്ടിയാണ്’- സിനിമാ മേഖലയിലെ തുടക്കകാലത്ത് ഇത്തരം അധിക്ഷേപങ്ങളെല്ലാം കേട്ടിട്ടുണ്ട്. പക്ഷേ, ഞാൻ അതേ പറ്റി കൂടുതൽ ചിന്തിച്ചിരുന്നില്ല. എന്റെ നെഗറ്റീവുകൾ പറയുന്ന എല്ലാവരെക്കാളും മികച്ചതാണ് ഞാനെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ എന്റെ പാതയിലൂടെ സഞ്ചരിച്ചു. എനിക്ക് പരാജയങ്ങളേക്കാൾ കൂടുതൽ ഹിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ഞാൻ ശരിയായ പാതയിലായിരുന്നു എന്ന് താൻ ചിന്തിച്ചു. അവർക്ക് എന്നെ തകർക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഇന്ന് കാണുന്ന കജോളിലേക്ക് ഞാൻ എത്തിയത്’ – കജോൾ പറഞ്ഞു.