കേരളീയം 2023 ന്റെ ഭാഗമായി കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളിൽ എത്തിക്കുന്നതിന് മൊബൈൽ ഗെയിം പുറത്തിറക്കി സർക്കാർ. കെ. റൺ (കേരള എവലൂഷൻ റൺ) എന്നു പേരിട്ടിരിക്കുന്ന മൊബൈൽ ഗെയിം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പ്രശസ്തമായ റൺ ഗെയിമുകളുടെ മാതൃകയിലാണ് കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ഗെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഴയകാല കേരളത്തിൽ നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയാണ് ഗെയിമിലൂടെ കാണിച്ചു തരുന്നത്.
ഗെയിമിന്റെ വിവിധ ഘട്ടങ്ങളിൽ സംസ്ഥാനത്തിന്റെ പഴയ കാലവും മധ്യകാലവും ആധുനിക കാലവും കാണാം. കൂടാതെ കേരളത്തിന്റെ നേട്ടങ്ങളും അഭിമാന പദ്ധതികളും ഈ യാത്രയിൽ കാഴ്ചകളായി അണിനിരക്കും. കെ.എസ്.ആർ.ടി.സി, വാട്ടർമെട്രോ, കൊച്ചി മെട്രോ വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവൽക്കരണവും ഗെയിമിലൂടെ കാണാം.
വിദ്യാഭ്യാസം, ആരോഗ്യം, മത്സ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകൾ ഗെയിമിലെ യാത്രയിൽ വന്നുപോകും. ഇത് കൂടാതെ ആകർഷകമായ ത്രീ ഡി അസറ്റുകൾ, സ്പേഷ്യൽ ഓഡിയോ, വിഷ്വൽ എഫക്ട്സ് തുടങ്ങിയവ ഗെയിമിനു മാറ്റ് കൂട്ടുകയും ചെയ്യും. ഗെയിമിലെ നായക കഥാപാത്രത്തിന് ഈ ഓട്ടത്തിനിടെ കോയിനുകളും മറ്റു സമ്മാനങ്ങളും ശേഖരിക്കാനുള്ള അവസരവുമുണ്ട്. ഓടിയും ചാടിയും വശങ്ങളിലേക്ക് തെന്നിമാറിയും തടസ്സങ്ങളും കെണികളും മറികടന്നാൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാം. ഗെയിമിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾക്ക് ശരിയായി ഉത്തരം നൽകിയാൽ ബോണസ് പോയിന്റുകളും ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആൻഡ്രോയ്ഡ്, വെബ് ആപ്ളിക്കേഷനുകളാണ് നിലവിൽ ഗെയിം പൂർത്തിയായത്. ഗൂഗിൾ പ്ളേ സ്റ്റോറിൽ ‘K-Run’ എന്നു സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലും ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇൻഫിനിറ്റി റണ്ണർ ഗെയിം ആയിട്ടാണ് കെ റൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മറ്റി സ്റ്റാർട്ട് അപ് കമ്പനിയായ എക്സ്.ആർ.ഹൊറൈസണുമായി ചേർന്നാണ് ഗെയിം ഡെവലപ്മെന്റ് നടത്തിയിരിക്കുന്നത്.
കനകക്കുന്ന് പാലസ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ,ഐ.ബി സതീഷ് എം.എൽ.എ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എക്സ്.ആർ.ഹൊറൈസൺ സി.ഇ.ഒ ഡെൻസിൽ ആന്റണി ഗെയിമിന്റെ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്തു.