ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണക്കമ്പനികളിൽ ഒന്നായ ലൈക പ്രൊഡക്ഷൻസ് സംവിധായകൻ ജൂഡ് ആന്റണി ജോസഫുമായി ഒന്നിക്കുന്നു. ലൈക പ്രൊഡക്ഷൻ ആണ് ട്വിറ്റർ അക്കൗണ്ടിലൂടെ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. എന്നാൽ ഉടൻ ആരംഭിക്കുന്ന പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതേസമയം മലയാളത്തിൽ നിന്നും ഇതാദ്യമായാണ് ഒരു യുവ സംവിധായകൻ വമ്പന്‍ നിർമാണക്കമ്പനിയുമായി സഹകരിക്കുന്നത്.
ലൈകയും ജൂഡ് ആന്റണിയും ചേർന്ന് ഒരുക്കുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും. വലിയ മുതല്‍ മുടക്കിലാകും ചിത്രം ഒരുങ്ങുക. ഇന്ത്യൻ സൂപ്പർ സ്റ്റാറുകളിൽ ഒരാളാകും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. ജൂഡ് സംവിധാനം ചെയ്ത ‘2018’ ലോകമെമ്പാടും വലിയ വിജയമാണ് നേടിയ ചിത്രമാണ്. മലയാളം ഇൻഡസ്ട്രിയിൽ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയമായ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും വലിയ രീതിയിൽ ചർച്ചയായിരുന്നു.
അതേസമയം ‘2018’ ന്റെ സ്വപ്ന സമാനമായ വിജയത്തോടെ മറ്റ് ഭാഷകളിൽ നിന്നും വലിയ ഓഫറുകളാണ് ജൂഡിനെ തേടിയെത്തുന്നത്. കൂടാതെ ഹിന്ദിയില്‍ നിന്നും തെലുങ്കിൽ നിന്നും നിർമാണ കമ്പനികൾ അടുത്ത പ്രോജക്ടിനായി സംവിധായകനെ സമീപിച്ചിരുന്നു. ‘ഓം ശാന്തി ഓശാന’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ജൂഡ് സംവിധാന രംഗത്തെത്തിയത്. ഒരു മുത്തശ്ശി ഗദ, സാറാസ് എന്നിവയാണ് ജൂഡ് സംവിധാനം ചെയ്ത മറ്റ് സിനിമകൾ. കൂടാതെ ഇപ്പോൾ അഭിനയരംഗത്തും അദ്ദേഹം സജീവമാണ്.