ഓസ്കാർ പുരസ്‌കാരദിനത്തിന് മുമ്പായി ഓസ്‌കാർ വേദി സന്ദർശിച്ച് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. കേരളം കണ്ട ഏറ്റവും വലിയ വിപത്തായ 2018-ലെ പ്രളയത്തെ ആസ്‌പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രമാണ് ഈ വർഷം ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ‘ആ ദിവസത്തിനായി കാത്തിരിക്കുന്നു’ എന്ന കുറിപ്പോടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെയ്ക്കുകയും ചെയ്തു.
‘2024 മാർച്ച് 10-ന് മികച്ച രാജ്യാന്തര ഫീച്ചർ ഫിലിമിനുള്ള ഓസ്കാറുമായി ഇവിടെ നിൽക്കാൻ വേണ്ടി എൻ്റെ ദൈവവും ഈ മുഴുവൻ പ്രപഞ്ചവും എനിക്കായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ആ ദിവസത്തിനായി കാത്തിരിക്കുന്നു’ എന്നാണ് ജൂഡ് ആന്റണി കുറിച്ചത്. ഇതിന് പിന്നാലെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുക്കുകയും ജൂഡ് ആന്റണിയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുകയും ചെയ്തു.
2024 മാർച്ച് 10-നാണ് ഓസ്‌കാർ പുരസ്‌കാരദാന ചടങ്ങ്. ജനുവരിയിൽ നോമിനേഷനുകൾ പ്രഖ്യാപിക്കും. സിനിമയുടെ രാജ്യാന്തര പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി അമേരിക്കയിലാണ് ജൂഡ് ആന്റണി. നിർമ്മാതാവ് വേണു കുന്നപ്പള്ളിക്കൊപ്പം അമേരിക്കയിൽ 2018 സിനിമ പ്രദർശിപ്പിക്കുകയും പ്രമോട്ട് ചെയ്യുകയുമാണ് താരം.