കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന കേരളീയം 2023 ന്റെ ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് നടിയും എഴുത്തുകരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടന വേദിയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെതിരെയാണ് ജോളി വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജോളിയുടെ കുറിപ്പ്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ടിട്ടാണോ കേരളം പിറന്നത്’ എന്നാണ് ജോളി സമൂഹമാധ്യമത്തിൽ കുറിച്ചത്.
വേദിയിൽ മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോർജ് നടിയും നർത്തകിയുമായ ശോഭന എന്നിവർ ഉണ്ടായിരുന്നു. എന്നാൽ ഇവർ പിറകിലേക്ക് ഒതുക്കപ്പെട്ടു. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നതിനിടെയാണ് നടിയുടെ കുറിപ്പ്. കാലം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകളുടെ സാന്നിധ്യം പുറകോട്ട് പോകുന്നതായാണ് തോന്നുന്നതെന്നും ജോളി കൂട്ടിച്ചേർത്തു.
‘ഇത്തരം കാര്യങ്ങളിൽ മുൻപ് മത സംഘനകളെയാണ് വിമർശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നമ്മൾ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഈ ചിത്രങ്ങളിൽ. സ്ത്രീ സാന്നിധ്യം ആ ചിത്രത്തിൽ ഒരറ്റത്ത് മാത്രമാണുള്ളത്. ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ ഇങ്ങനെയാവുക എന്ന് പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാൻ അധികാരമുള്ളത്. സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കുമ്പോൾ ഇത്തരം ചിത്രങ്ങൾ കാണുന്നതിൽ നാണക്കേട് തോന്നുവെന്നും ജോളി ചിറയത്ത് കുറിച്ചു.