ജൂനിയർ ആർട്ടിസ്റ്റായെത്തി സഹനടൻ ആവുകയും പിന്നീട് നായകനായും നിർമാതാവുമൊക്കെയായി മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് ജോജു ജോർജ്. ഇപ്പോഴിതാ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നതിന്റെ ത്രില്ലിലാണ് നടൻ ജോജു ജോർജ്. സഹനടനായും, സ്വഭാവ നടനായും, ഹാസ്യ നടനായും ഒക്കെ വെള്ളിത്തിരയിൽ ഉജ്ജ്വല കഥാപാത്രങ്ങൾ ചെയ്ത ജോജു ജോർജ് തന്റെ കരിയറിലെ ഇരുപത്തിയെട്ടാമത്തെ വർഷത്തിലെത്തി നിൽക്കുമ്പോൾ ആദ്യമായി സംവിധായകനാകുന്നു. സ്വന്തം രചനയിൽ ആദ്യ സംവിധാനസംരഭവുമായി എത്തുന്നതിന്റെ ആവേശത്തിലാണ് താരമിപ്പോൾ.
2018 ൽ പുറത്തിറങ്ങിയ ‘ജോസഫ്’ എന്ന സിനിമയാണ് ജോജുവിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രം. അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ച വെച്ച ചിത്രം ബോക്സ്ഓഫീസിൽ മിന്നും വിജയം നേടുകയും ചെയ്തു. തുടർന്ന് സൈക്കോളജിക്കൽ ഡ്രാമ ചിത്രം ‘ചോല’യിലെ പ്രകടനം വീണ്ടും മലയാളി പ്രേക്ഷകർക്കിടയിൽ ജോജുവിന്റെ സ്ഥാനം ഊട്ടി ഉറപ്പിക്കുകയും ചെയ്തു. ‘ജോസഫ്’, ‘ചോല’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച സ്വഭാവനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും (ജോസഫ്) ലഭിച്ചു.
‘അഭിനയം ഞാൻ ഏറ്റവും ആസ്വദിച്ചു ചെയ്യുന്ന കാര്യമാണ്. എന്നാൽ ഒരുപാട് ടെൻഷൻ നിറഞ്ഞ സമയങ്ങളിലൂടെ കടന്നു പോയെങ്കിലും സംവിധാനവും അത് പോലെ ആസ്വദിച്ചു തന്നെയാണ് ചെയ്തത്’, ജോജുവിന്റെ ഈ വാക്കുകളിൽ തന്റെ അഭിനയം നൽകുന്ന ഗ്യാരന്റി സംവിധാനം ചെയ്ത സിനിമയ്ക്കും ഉണ്ടെന്ന് ഉറപ്പ് നൽകുന്നതാണ്.
‘പണി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം 100 ദിവസത്തെ ഷൂട്ട് തൃശൂരിലും പരിസര പ്രദേശങ്ങളിലുമായായിരുന്നു ചിത്രീകരണം നടന്നത്. ജോജു തന്നെയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. അഭിനയയാണ് നായിക. ബിഗ് ബോസ് താരങ്ങളായ റിനോഷ്, സാഗർ, ജുനൈസ് എന്നിവർക്കൊപ്പം ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും എ ഡി സ്റ്റുഡിയോസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീതം.