നേരിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംവിധായകൻ ജീത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ പ്രതികരണം. നേരിനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ മലയാള സിനിമാസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
എവിടെയോ നഷ്ട്ടപെട്ടുപോയ ‘ലാലേട്ട’നെ തിരിച്ചു കിട്ടിയെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് വൻ എൻഗേജിംഗ് ആയിരുന്നുവെന്നും പറയുന്നുണ്ട്. മോഹൻലാലിന്റെ പ്രകടനം വിസ്മയിപ്പിക്കുമ്പോൾ അനശ്വര രാജന്റെ പ്രകടനവും കയ്യടി നേടുകയാണ്. തന്റെ കരിയറിലെ ബെസ്റ്റ് പെർഫോമൻസ് ആണ് അനശ്വര കാഴ്ചവച്ചത് എന്നാണ് ഏവരും വിലയിരുത്തുന്നത്.
നേരിനെ കുറിച്ച് ജീത്തു ജോസഫ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. താൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉത്സാഹത്തോടെയുമാണ് “നേര്” എന്ന ചിത്രം ഒരുക്കിയതെന്ന് കുറിപ്പിൽ ജിത്തു ജോസഫ് പറഞ്ഞിരുന്നു. നേര് എന്ന ചിത്രത്തിന് നേരെ ഉയർന്ന വിവാദത്തിൽ പ്രേക്ഷകരാണ് വിധി എഴുതേണ്ടതെന്നും സംവിധായകൻ കുറിച്ചിരുന്നു.